വണ്ടിപ്പെരിയാര്‍: അഞ്ഞൂറിന്റെ കള്ളനോട്ടു ശേഖരങ്ങളുമായി യുവാവിനെ വണ്ടിപ്പെരിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് പുതിയ അഞ്ഞൂറുരൂപയുടെ 77 കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യയും കൈക്കുഞ്ഞും ഉണ്ടായിരുന്നു.
കുട്ടിക്കാനത്തെത്തിയ ഇവര്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറിന് 500 രൂപയുടെ ഇന്ധനം നിറച്ചു. തുടര്‍ന്ന് 500 രൂപയുടെ നോട്ടു നല്‍കി. നോട്ട് പരിശോധിച്ച പമ്പിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നിര്‍ത്താതെ കുമളി ഭാഗത്തേക്ക് കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. പമ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസ് വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയി. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പെരിയാര്‍ ടൗണില്‍ വാഹനം പിടികൂടുകയായിരുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പീരുമേട് സി.ഐ.ഷിബുകുമാര്‍, വണ്ടിപ്പെരിയാര്‍ എസ്.ഐ.ബജിത്ത് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘം രാത്രിതന്നെ എറണാകുളത്തേക്ക് തിരിച്ചു. ഭാര്യയ്ക്ക് കള്ളനോട്ടിനെക്കുറിച്ച് അറിവില്ലെന്നാണ് പോലീസ് പറയുന്നത്. ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാനാണ് യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൂടെ കൂട്ടിയതെന്നും സംശയിക്കുന്നു.