തൊടുപുഴ: നിക്ഷേപകരില്‍നിന്ന് വന്‍തുക തട്ടിയെടുത്ത് മുങ്ങിയെന്ന പരാതിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം ഉടമയും അച്ഛനും പിടിയില്‍. ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ വണ്ണപ്പുറം കായപ്ലാക്കല്‍ അഭിജിത് എസ്.നായര്‍ (28), അച്ഛന്‍ സന്തോഷ് (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇരുവരും.

നിലവില്‍ മൂന്ന് ജില്ലകളില്‍നിന്നായി 4.26 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്താനാണ് സാധ്യത. അഭിജിത്തിന്റെ കൂട്ടാളിയും രണ്ടാം പ്രതിയുമായ സുമീഷിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി.

ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പെന്നപേരില്‍ അഭിജിത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 7000 മുതല്‍ 8000 രൂപ വരെ പലിശ നല്‍കുമെന്നായിരുന്നു വാഗ്ദാനം. നിരവധിപേര്‍ ലക്ഷക്കണക്കിന് രൂപ ഇവിടെ നിക്ഷേപിച്ചു. തദ്ദേശവാസികളെ ഫീല്‍ഡ് പ്രൊമോട്ടേഴ്സായി നിയോഗിച്ചായിരുന്നു വിശ്വാസം നേടിയത്. തൊടുപുഴ, മൂലമറ്റം, കാളിയാര്‍, വണ്ണപ്പുറം, കോടിക്കുളം, ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ നിക്ഷേപം ലഭിച്ചു. ചിട്ടിയും നടത്തി.

ആദ്യഘട്ടത്തില്‍ പ്രശ്നമില്ലാതെ പോയി. പിന്നീട് പലിശയും ചിട്ടിത്തുകയും ലഭിക്കാതായി. ജൂണ്‍ 28-ന് കുടയത്തൂര്‍ സ്വദേശിയായ ഒരു നിക്ഷേപക കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. അപ്പോഴേക്കും അഭിജിത്ത് സ്ഥാപനം പൂട്ടി കുടുംബത്തോടൊപ്പം മുങ്ങിയിരുന്നു.

നിലവില്‍ 25 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരും ഇവര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. അഭിജിത് വണ്ണപ്പുറത്തെ വീട്ടില്‍ വരുന്നതായി രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് തൊടുപുഴ സി.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അഭിജിത്തിനേയും സന്തോഷിനേയും വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ. ബൈജു പി.ബാബു, ക്രൈം എസ്.ഐ. ഷാഹുല്‍ ഹമീദ്, എ.എസ്.ഐ. ഷാബു ജോസഫ്, എസ്.സി.പി.ഒ. സബിത, സി.വി.രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.