ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ പേരിൽ രണ്ടരക്കോടിയോളം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ജൂവലറി ഉടമയും വ്യാപാരിയുമായ ഉമേഷ് വർമ(60)യെയാണ് ഡൽഹി വിമാനത്താവളത്തിൽനിന്ന് പോലീസ് പിടികൂടിയത്. ദുബായിൽനിന്ന് വിമാനമിറങ്ങിയ ഉടൻ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ കസ്റ്റഡയിലെടുത്തത്.

ക്രിപ്റ്റോകറൻസിയുടെ പേരിൽ 45 പേരിൽനിന്ന് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഉമേഷ് വർമക്കെതിരേയുള്ള കേസ്. മകൻ ഭാരത് വർമയ്ക്കൊപ്പമാണ് ഇയാൾ പ്ലൂട്ടോ എക്സ്ചേഞ്ച് എന്ന പേരിൽ ക്രിപ്റ്റോകറൻസി പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ ഓരോ മാസവും നിശ്ചിത ലാഭവിഹിതം നൽകുമെന്നായിരുന്നു വാഗ്ദാനം. 2017 നവംബറിൽ പ്ലൂട്ടോ എക്സ്ചേഞ്ച് എന്ന പേരിൽ ഡൽഹി കൊണാട്ട് പ്ലേസിൽ ഓഫീസും തുടങ്ങി. ഇതിനുപിന്നാലെ സ്വന്തം വെബ്സൈറ്റും കോയിൻ സാറസ് എന്ന പേരിൽ ക്രിപ്റ്റോകറൻസിയും ആരംഭിച്ചു. എന്നാൽ വാഗ്ദാനം വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഉമേഷ് വർമയും മകനും കബളിപ്പിക്കുകയായിരുന്നു.

നിക്ഷേപകരിൽ പലർക്കും വണ്ടിച്ചെക്കുകൾ ലഭിച്ചതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് വിവിധിയടങ്ങളിൽ മാറിമാറി താമസിച്ച ഉമേഷ് വർമ ദുബായിലേക്ക് കടന്നു.

കഴിഞ്ഞദിവസം പിടികൂടിയ ഉമേഷ് വർമയെ കോടതി മൂന്ന് ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടു. 2017-ൽ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ.യും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights:cryptocurrency fraud main accused arrested in delhi