അഗളി: അട്ടപ്പാടിയില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ മണി ചെയിന്‍ തട്ടിപ്പെന്ന് അഗളി ഡിവൈ.എസ്.പിക്ക് പരാതി. അഗളി, ഭൂതിവഴി സ്വദേശികളായ ഏഴുപേരാണ് പരാതി നല്‍കിയിരിക്കുന്നത്. ബിറ്റ് എസ് എക്‌സ്, ബിറ്റ് ക്യൂ എഫ് എക്‌സ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയതായി പരാതിയില്‍ പറയുന്നത്.

അഗളി, ഭൂതിവഴി സ്വദേശികളായ വിഷ്ണു, വേണുഗോപാല്‍, സജി, വൈശാഖ്, ഷാനവാസ്, അരുണ്‍ഗാന്ധി, മണികണ്ഠന്‍ എന്നിവരില്‍നിന്ന് 6,15,000 രൂപയും അട്ടപ്പാടിയില്‍ ആദിവാസികളടക്കം നൂറോളംപേരില്‍നിന്ന് 50 ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

തൃശ്ശൂര്‍ സ്വദേശികളെന്ന പേരില്‍ സത്യന്‍, സ്വാലിഹ്, ആഷിക് എന്നിവര്‍ അഗളി സ്വദേശി റിയാസ് മുഖേനയാണ് മണി ചെയിന്‍ തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. കുറഞ്ഞ നിക്ഷേപത്തുക 8000 രൂപയാണ്. ഒരു വര്‍ഷത്തില്‍ നിക്ഷേപത്തുകയുടെ ഇരട്ടി നല്‍കുമെന്നും പണം നിക്ഷേപിച്ചതിന്റെ അടുത്ത ദിവസം മുതല്‍ നിക്ഷേപത്തുകയുടെ ഒരു ശതമാനം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഈ പദ്ധതിയിലേക്ക് ഒരാളെ ചേര്‍ക്കുമ്പോള്‍ നിക്ഷേപത്തുകയുടെ 10 ശതമാനം കമ്മിഷനായി ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കിയിരുന്നത്.

പണം നിക്ഷേപിച്ചതിനുശേഷം കമ്പനി പറഞ്ഞ പണം കിട്ടാതായതോടെ കമ്പനി അധികൃതരെന്ന് അവകാശപ്പെടുന്നവരെ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്. പരാതിയില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചതായി അഗളി ഡിവൈ.എസ്.പി. മുരളീധരന്‍ പറഞ്ഞു.