മലപ്പുറം: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് അറസ്റ്റ്. 

പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി  മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഷാജി ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേസന്വേഷണം ഷാജിയിലേക്ക് എത്തുകയായിരുന്നു.

മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഷാജിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലായത്. ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷ് സബ് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീജിത്ത്  സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍, ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സംഘമാണ് ഷാജിയെ പിടികൂടിയത്. 

തീരുര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസ്സുകളില്‍ പ്രതിയാണ് ഷാജി. നേരത്തെ ദേഹപരിശോധന നടത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഷാജിക്കെതിരെ കേസുണ്ട്. പ്രതിയെ  കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു.

Content Highlights: Criminal Kaka shaji arrested