മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പോലീസ് പരിശോധനയ്ക്കിടെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. മൊറത്തണ സ്വദേശി അസ്കർ (21), സീതാംഗോളി സ്വദേശി ടയർ ഫൈസൽ (32), ബേള സ്വദേശി കാലിയ ബദറു എന്ന ബദറുദ്ദീൻ (32), ആരിക്കാടിയിലെ അബൂബക്കർ ഷെഫീഖ് (28), കുമ്പഡാജെ മർപ്പനട്ക്കയിലെ മുഹമ്മദ് ഷിഹാബ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരുമായുള്ള മൽപ്പിടിത്തത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഒട്ടേറെ കേസുകളിൽ പ്രതിയായ ഗുജിലി അമ്മി എന്ന ഹമീദാണ് രക്ഷപ്പെട്ടത്. അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അധോലോക ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഏതാനും ദിവസമായി പോലീസ് നിരീക്ഷിക്കുകയായിരുന്നു. വൊർക്കാടി കല്ലാജെയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ പോലീസ് സംഘം സ്വകാര്യ വാഹനത്തിൽ മഫ്തിയിൽ പ്രതികളുടെ വാസസ്ഥലത്തെത്തി.

പോലീസെത്തുമ്പോൾ മൂന്നുപേർ അകത്തും മൂന്നുപേർ പുറത്തുമായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പതറിയ സംഘം തോക്കും ഇരുമ്പുദണ്ഡും ഉപയോഗിച്ച് പോലീസിനെ നേരിട്ടു. വെടിയുതിർക്കുംമുമ്പ് പോലീസ് തോക്ക് തട്ടിത്തെറിപ്പിച്ചു. മൽപ്പിടിത്തത്തിനൊടുവിൽ അഞ്ചുപേരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ രക്ഷപ്പെട്ടത്.

അസ്കർ, ഫൈസൽ എന്നിവർ വധശ്രമം, വെടിവെപ്പ്, ഏറ്റുമുട്ടൽ, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ്-ഹാഷിഷ് കടത്ത്, തീവെപ്പ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ഒരു വിദേശനിർമിത കൈത്തോക്ക്, രണ്ട് വെടിയുണ്ടകൾ, ഇരുമ്പുദണ്ഡ്, എ.ഡി.എം.എ. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഹുക്ക തുടങ്ങിയവ പിടികൂടി.

കാസർകോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളായ ഇൻസ്പെക്ടർ അരുൺദാസ്, എസ്.ഐ.മാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ, പി.വി.ഗംഗാധരൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ് ഗോപാൽ, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, പി.ശിവകുമാർ, ജെ.ഷജീഷ്, ബിജോയ് എന്നിവരടങ്ങിയ സംഘമാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്.