കണ്ണൂര്‍: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയെത്തുടര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ സിറ്റിയിലെ പത്തൊന്‍പതാം മൈല്‍ ലക്ഷം വീട് കോളനിയിലെ കീത്തടത്ത് വീട്ടില്‍ ബാദുഷയെ (38) തട്ടിക്കൊണ്ടുപോയ കേസിലാണ് അഞ്ചു പ്രതികള്‍ പിടിയിലായത്.

രണ്ട് കാറുകളിലും ഒരു ബൈക്കിലുമെത്തിയ സംഘമാണ് ബാദുഷയെ തട്ടിക്കൊണ്ടുപോയി മാരകമായി പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച പകല്‍ രണ്ടരയ്ക്ക് കണ്ണൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് അക്രമികള്‍ ഇയാളെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് കടത്തും മോഷണവും ഉള്‍പ്പെടെ ബാദുഷയും നിരവധിക്കേസുകളില്‍ പ്രതിയാണ്.

കാറില്‍വെച്ചും സംഘാംഗങ്ങളിലൊരാളുടെ പൊതുവാച്ചേരിയിലെ വീട്ടില്‍വെച്ചും ബാദുഷയെ മര്‍ദിച്ചും വെട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അഞ്ച് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബാദുഷയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പൊതുവാച്ചേരി പട്ടരക്കാത്ത് അബ്ദുള്‍ റഹിം (30), കോയ്യോട് കൊവ്വാല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (29), കുമ്മയ്യക്കാവ് ഖദീജമന്‍സിലില്‍ നിഹാദ് (24), പഴയങ്ങാടി പ്രദീപന്‍സതീനിലയത്തില്‍ ജിഷ്ണു (26), മരക്കാര്‍കണ്ടി സഹന്നൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ മുഹമ്മദ് റിസ (25) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.

കഞ്ചാവ് കേസുകളില്‍ പ്രതികളാണ് ഇപ്പോള്‍ പിടിയിലായവര്‍. ഇവരെ ബാദുഷയാണ് ഒറ്റിക്കൊടുത്തതെന്ന് സംശയത്തിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് പോലീസ് അറിയിച്ചു.