കൊച്ചി: ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാസംഘം പിടിയിൽ. പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി മേഖലകളിൽ കൊലപാതകം, വധശ്രമം, ബോംബാക്രമണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളായ കോടനാട് കണ്ണാഞ്ചേരിമുകൾ കുറുപ്പാലി വീട്ടിൽ ജോജി (20) നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുമ്പിൽ വീട്ടിൽ അമൽ (27) അരുവപ്പാറ മാലിക്കുടി വീട്ടിൽ ബേസിൽ (25) നെടുങ്ങപ്ര മണലുമാലിൽ വീട്ടിൽ ശ്രീകാന്ത് (31) വേങ്ങൂർ വടക്കേപ്പറമ്പിൽ നിബിൻ (25) വേങ്ങൂർ പടിക്കക്കുടി വീട്ടിൽ ആദർശ് (21) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്.

റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൂങ്ങാലിയിലെ വനത്തിൽ നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് ആയുധങ്ങൾ സഹിതം പ്രതികൾ പിടിയിലായത്. കെട്ടിടത്തിൽ തമ്പടിച്ച് പുതിയ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു സംഘം. ജോജിയെ ഗുണ്ടാ ആക്ടിൽ ഉൾപ്പെടുത്തി നാടുകടത്തിയിട്ടുള്ളതാണ്. വിലക്ക് മറികടന്നാണ് 9 കേസുകളിൽ പ്രതിയായ ഇയാൾ സ്ഥലത്ത് എത്തിയത്. വിവിധ സ്റ്റേഷനുകളിലായി അമലിനെതിരെ 15 കേസുകളും, ബേസിലിനെതിരെ 7 കേസുകളും , മറ്റു പ്രതികൾക്കെതിരെ രണ്ടു കേസുകൾ വീതവും നിലവിലുണ്ട്.

പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.ബിജുമോൻ, കുറുപ്പംപടി എസ്.എച്ച്.ഒ കെ.ആർ മനോജ്, എസ്.ഐ.മാരായ രാജൻ, നിസാർ എ.എസ്.ഐ ഇസ്മായിൽ, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, രഞ്ജിത്ത്, മാഹിൻഷാ, ശശികുമാർ, ബേസിൽ, വിപിൻ, രമേഷ്, ഷാജി എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:criminal gang arrested in eranakulam