ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മേപ്പുറത്ത് വീട്ടില്‍ ശിവപ്രസാദി(റെമോ അപ്പു-24)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമും എസ്.ഐ. ജീഷിലും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശത്താക്കി അവരുടെയും ബന്ധുക്കളുടെയും എ.ടി.എം. കാര്‍ഡുകള്‍ കൈവശപ്പെടുത്തുകയും പണംതട്ടുകയും ചെയ്യുന്നതില്‍ വിദഗ്ധനാണിയാള്‍.

ഇതിനാലാണ് ഗുണ്ടകള്‍ക്കിടയില്‍ റെമോ അപ്പു എന്നറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ ലഹരിമരുന്നുകള്‍ വിറ്റതിനും വധശ്രമത്തിനും അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

അഡീഷണല്‍ എസ്.ഐ. ശ്രീനി കെ., സി.പി.ഒ.മാരായ വൈശാഖ് മംഗലന്‍, ശ്രീജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കവര്‍ച്ച കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയില്‍

കൊടകര: സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ കവര്‍ച്ച - തട്ടിപ്പ് കേസുകളില്‍ പ്രതിയായ ആളെ ആറുകിലോ കഞ്ചാവുമായി പിടികൂടി. മനക്കുളങ്ങര കൊറ്റിക്കല്‍ ശിവദാസ് (58) ആണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചാലക്കുടി ഡിവൈ.എസ്.പി. കെ.എം. ജിജിമോന്‍, കൊടകര എസ്.ഐ. ബേസില്‍ തോമസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.

വിശാഖപട്ടണത്തുനിന്ന് എത്തിച്ച്, വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ആന്ധ്രയില്‍നിന്ന് ബസിലാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്. യാത്രയ്ക്കിടെ കച്ചവടം ഉറപ്പിച്ച് ചൊവ്വാഴ്ച രാത്രി കൈമാറാന്‍ തയ്യാറായിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി ഒന്നരക്കോടി രൂപ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ്. അന്ന് ബെംഗളൂരുവില്‍നിന്നാണ് ഇയാളെ കേരള പോലീസ് പിടികൂടിയത്.

വളാഞ്ചേരി, പൊന്നാനി, കോതമംഗലം, ആലുവ, ചിറ്റൂര്‍, സുല്‍ത്താന്‍ ബത്തേരി, പുതുക്കാട്, വെള്ളിക്കുളങ്ങര, കൊടകര, തമിഴ്‌നാട്ടിലെ വാല്‍പ്പാറ, ആന്ധ്രപ്രദേശിലെ തോട്ടക്കടു സ്റ്റേഷനുകളിലായി മോഷണം, കവര്‍ച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.എസ്.ഐ. റെജിമോന്‍, സ്‌പെഷ്യ ബ്രാഞ്ച് ഓഫീസര്‍മാരായ സനീഷ് ബാബു, റിസണ്‍, സീനിയര്‍ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, ഷാജു ആറ്റപ്പാടം തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായി.