തിരുവല്ല: വെട്ടുകേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ കടിച്ച് പരിക്കേല്‍പ്പിച്ചശേഷം ഒരാള്‍ ഓടി രക്ഷപ്പെട്ടു. കുളയക്കാട് മുണ്ടപ്പള്ളി തറയില്‍ സനല്‍ ജോസഫിനെ (36) വെട്ടിയ സംഭവത്തിലെ പ്രതിയായ ദര്‍ശനയില്‍ സ്റ്റാനാണ് രക്ഷപ്പെട്ടത്. നവീനെന്ന പോലീസുകാരനാണ് കടിയേറ്റത്. കെ.എ.പി. ബറ്റാലിയിനിലെ നന്ദുവിന് ഏറുകൊണ്ടും പരിക്കേറ്റു.

സ്റ്റാനും സഹോദരന്‍ സ്റ്റോയിയും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് അയല്‍വാസിയായ സനലിനെ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. വടിവാളുകൊണ്ട് കൈകാലുകള്‍ക്ക് വെട്ടേറ്റ സനല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളായ സഹോദരങ്ങള്‍ പാലിയേക്കരയില്‍ ഒളിച്ചിരിക്കുന്ന വിവരമറിഞ്ഞ് തിരുവല്ല പോലീസ് ശനിയാഴ്ച വൈകീട്ട് നാലരയോടെ പിടികൂടാനെത്തി. എസ്.ഐ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വളഞ്ഞ് പിടികൂടുന്നതിനിടെ കല്ലേറുണ്ടായി.

നവീനിന്റെ കൈ സ്റ്റാന്‍ കടിച്ചുമുറിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. പരിശോധന നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. സ്റ്റോയിയെ അറസ്റ്റ്‌ചെയ്തു. സി.പി.ഒ. സന്തോഷും പോലീസ് സംഘത്തിലുണ്ടായിരുന്നു.