അങ്കമാലി: കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രം കോവിഡ് കെയര്‍ സെന്ററില്‍നിന്ന് പോലീസിനെ വെട്ടിച്ച് മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു. വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി വീട്ടില്‍ സുരേഷാ (ഡ്രാക്കുള സുരേഷ്-38) ണ് ചാടിപ്പോയത്. ജയില്‍ വകുപ്പിന്റെ കോവിഡ് കെയര്‍ സെന്ററാണിത്. പോലീസുകാരെ തള്ളിവീഴ്ത്തി സമീപത്തെ ജാതിത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.

പെരുമ്പാവൂര്‍ തണ്ടേക്കാട് കടയില്‍നിന്ന് പണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ സുരേഷിനെ കോവിഡ് കെയര്‍ സെന്ററിലാക്കാന്‍ വാഹനത്തില്‍ നിന്നിറക്കി നിര്‍ത്തിയപ്പോഴാണ് ചാടിപ്പോയത്. മറ്റൊരു കേസിലെ പ്രതിയും കൂടെയുണ്ടായിരുന്നു.

കോവിഡ് പരിശോധനയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സുരേഷിനെ നിരീക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്.

കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി കഴിഞ്ഞ 15-ന് പോലീസിനെ വെട്ടിച്ച് ചാടിപ്പോയിരുന്നു. കുട്ടമ്പുഴ സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായ മുത്തുവാണ് ചാടിപ്പോയത്. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍നിന്നാണ് ചാടിപ്പോയത്. ഇയാളെ ഇതുവരെ കിട്ടിയിട്ടില്ല.

Content Highllights: criminal case accused dracula suresh escaped from covid center angamaly