ചെന്നൈ: ബി.ജെ.പി. അംഗത്വം എടുക്കാനെത്തിയ ക്രിമിനൽ കേസ് പ്രതി പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. ആറ് കൊലക്കേസുകൾ ഉൾപ്പെടെ 35-ലേറെ കേസുകളിൽ പ്രതിയായ സൂര്യയാണ് പോലീസിനെ വെട്ടിച്ച് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയിൽനിന്ന് കടന്നുകളഞ്ഞത്. സൂര്യ രക്ഷപ്പെട്ടെങ്കിലും പരിപാടിക്കെത്തിയ ഇയാളുടെ നാല് കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബി.ജെ.പി. തമിഴ്നാട് അധ്യക്ഷൻ എൽ. മുരുഗൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിലേക്കാണ് സൂര്യയും എത്തിയത്. ബി.ജെ.പിയിൽ ചേരാനായി ഇയാൾ പരിപാടിക്കെത്തുമെന്ന് ചെങ്കൽപേട്ട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് സംഘം ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിരീക്ഷണവും ഏർപ്പെടുത്തി. എന്നാൽ പോലീസ് എത്തിയതോടെ പരിപാടിക്കെത്തിയ സൂര്യ വന്ന കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പാർട്ടിയിൽ ചേരാനെത്തുന്നവരുടെ പശ്ചത്താലമൊന്നും തനിക്കറിയില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ എൽ. മുരുഗന്റെ പ്രതികരണം. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ള മറ്റൊരാൾക്ക് പാർട്ടിയിൽ അംഗത്വം നൽകിയതിനെ തമിഴ്നാട് ബി.ജെ.പിക്കെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സൂര്യയും ബി.ജെ.പിയിൽ അംഗത്വമെടുക്കാൻ എത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

Content Highlights:criminal case accused came to join bjp he fled later from the event in tamilnadu