നാദാപുരം: ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെ പോലീസിനെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച ഗുണ്ടാത്തലവന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കക്കാട് വി.വി. ഷമീം എന്ന ചാണ്ടി ഷമീമിനെയാണ് (40) നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കാപ്പ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ പ്രതിക്കെതിരേയുണ്ടെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച അതിരാവിലെയാണ് പോലീസ് ഗുണ്ടാത്തലവനെത്തേടി കണ്ണൂര്‍ ജില്ലയിലെ കക്കാട് എത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഗുണ്ടാ ത്തലവന്‍ കക്കാട് ഭാഗത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

പോലീസ് വീടിനടുത്തെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് പരിസരത്തെ വീടുകളില്‍ക്കയറി പോലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാത്തലവന്റെ വീടിനടുത്ത് പോലീസ് എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസുമായി ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവില്‍ പ്രതിയെ കീഴ്പ്പെടുത്തി വാഹനത്തില്‍ കയറ്റി.

എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിലെത്തിയ പ്രതിയെ ഉടനെ ലോക്കപ്പിലേക്ക് മാറ്റി. സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ എത്തിയതോടെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് പല സമയത്തും ഗുണ്ടാത്തലവന്‍ നടത്തിയത്. എസ്.ഐ. ആര്‍.എന്‍. പ്രശാന്ത്, പ്രത്യേക സ്‌ക്വാഡിലെ എ.എസ്.ഐ. ആര്‍. മനോജ്കുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ വി.വി. ഷാജി, സന്തോഷ് മലയില്‍, പി. പ്രദീപ്കുമാര്‍, എം.എസ്.പി. ഷിജില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് തണ്ണീര്‍പന്തല്‍ കടമേരി റോഡിലാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്.

സംഭവത്തോടനുബന്ധിച്ച് ഷഹദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാത്തലവന്‍ നാദാപുരം എസ്.ഐ.ക്കെതിരേയും നാദാപുരത്തുകാര്‍ക്കെതിരേയും വധഭീഷണിയുമായി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.