കോഴിക്കോട്:  വീട് കയറി ആക്രമണം നടത്തിയ ശേഷം ഒളിവില്‍പോയി പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. ക്വട്ടേഷന്‍ സംഘത്തലവനും കണ്ണൂര്‍ നാറാത്ത് സ്വദേശിയുമായ ഷമീമിനെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂര്‍ കക്കാട് നിന്ന് പിടികൂടിയത്. ഒളിവിലായിരിക്കെ പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ ഷമീം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 

കഴിഞ്ഞദിവസമാണ് നാദാപുരം തണ്ണീര്‍പന്തല്‍ കടമേരി റോഡില്‍ ആക്രമണമുണ്ടായത്. കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘം തണ്ണീര്‍പന്തല്‍ സ്വദേശിയെ വീട് കയറി ആക്രമിക്കുകയായിരുന്നു. സാമ്പത്തികതര്‍ക്കം പറഞ്ഞുതീര്‍ക്കാനായാണ് കണ്ണൂരിലെ സംഘം ഇവിടേക്ക് എത്തിയത്. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘം നാട്ടുകാര്‍ക്കെതിരേയും ആക്രമണം അഴിച്ചുവിട്ടു. 

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ കെ.വി.സഹദിനെ പോലീസ് കഴിഞ്ഞദിവസം തന്നെ പിടികൂടിയിരുന്നു. എന്നാല്‍ ക്വട്ടേഷന്‍സംഘത്തിലെ ഷമീം ഉള്‍പ്പെടെയുള്ളവര്‍ കാറില്‍ കടന്നുകളയുകയായിരുന്നു. ഒളിവില്‍പോയ ഷമീം മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. 

എസ്.ഐ. സാറിന്റെ ജീവിതം മുട്ടിപ്പോവുമെന്നും താന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങാന്‍ പോവുകയാണെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രതി പറഞ്ഞിരുന്നത്. താന്‍ പണി തുടങ്ങാന്‍ പോവുകയാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നാദാപുരത്തെ നാട്ടുകാര്‍ക്കെതിരേയും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചത്. 

ഷമീം കണ്ണൂരിലുണ്ടെന്ന സൂചന ലഭിച്ചതോടെ നാദാപുരത്തുനിന്നുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ തന്നെ കണ്ണൂരില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഇയാളെ ഒളിസങ്കേതത്തില്‍നിന്ന് പിടികൂടുകയായിരുന്നു. 

Content Highlights: criminal case accused arrested after threatening police on social media