ചെറുവത്തൂര്‍: പിടിച്ചുപറിക്കേസുകളിലെ പ്രതി ആറുമാസം മീന്‍പിടിത്ത തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞു. ഒടുവില്‍ ചന്തേര പോലീസിന്റെ വലയിലായി. വളപട്ടണം, എടക്കാട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതി മാഹി പട്ടാണിപറമ്പത്തെ പി.പി. രാകേഷിനെ (34) ആണ് ചന്തേര ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ സുരേശന്‍ കാനം, പി.പി. സുധീഷ് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓരി ചെമ്പന്റെമാടുവെച്ച് അറസ്റ്റ് ചെയ്തത്.

ആറുമാസം മുന്‍പ് മാഹിയില്‍നിന്ന് വലിയപറമ്പിലെത്തിയ പ്രതി പടന്നയിലും വലിയപറമ്പിലുമായി താമസിച്ച് യന്ത്രവത്കൃത മീന്‍പിടിത്ത ബോട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വളപട്ടം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാലുദിവസം മുന്‍പാണ് ഓരി പുഴയോരത്തെ കുടിലില്‍ താമസമാക്കിയത്. കുടിലിന്റെ പിറകില്‍ തോണിയുണ്ട്. തോണിയിലൂടെ പുഴമാര്‍ഗമാണ് ബോട്ടിലേക്ക് പോക്കുവരവ്.

ഇതില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലരില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ പിടിച്ച പ്രതിയെ ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്‍ എസ്.ഐ. എം.വി. ശ്രീദാസ് എന്നിവര്‍ ചേര്‍ന്ന് വളപട്ടണം പോലീസിന് കൈമാറി.