കൊല്ലങ്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ക്കഴിഞ്ഞുവന്ന കണ്ണൂര്‍ അണ്ടലൂര്‍ പേലയാട് സ്വദേശി എ. അമല്‍ജിത്തിനെയാണ് (24) വടവന്നൂരില്‍ വാഹനപരിശോധനയ്ക്കിടെ കൊല്ലങ്കോട് ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വീടുകളിലും കടകളിലും കവര്‍ച്ച, വാഹനമോഷണം, ലഹരിക്കടത്ത്, അടിപിടി, പോക്‌സോ, മനഃപൂര്‍വമല്ലാത്ത നരഹത്യ, പിടിച്ചുപറി തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

മോഷ്ടിക്കുന്ന വാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റ് മാറ്റിയും വ്യാജ ആര്‍.സി. ഉപയോഗിച്ചും കറങ്ങിനടന്നാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. ജുവനൈല്‍ ഹോമിലും കുറേക്കാലം കിടന്നിട്ടുണ്ട്. പ്രതിയെ പിടികൂടിയതോടെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നടന്നിട്ടുള്ള കുറേ മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടായതായും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ഏപ്രിലില്‍ ന്യൂമാഹിയില്‍നിന്ന് മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ച കേസിലും ജൂണില്‍ വടക്കഞ്ചേരി കല്ലിങ്കല്‍പ്പാടത്തെ പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് നാലരപ്പവന്‍ മോഷ്ടിച്ച കേസിലും ചിറ്റില്ലഞ്ചേരി കാത്താംപൊറ്റയിലെ പെട്രോള്‍പമ്പ് കുത്തിത്തുറന്ന് 24,000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മേയ് മാസം പാലക്കാട് ഗവ. ആശുപത്രിയുടെ പിന്നില്‍വെച്ച് സുരക്ഷാജീവനക്കാരനെ കത്തികാണിച്ച് ഭീക്ഷണിപ്പെടുത്തി ഫോണ്‍ കവര്‍ന്നതും ചിറ്റൂരിലെ കടയില്‍ നിന്ന് സ്ത്രീയുടെ മൊബൈല്‍ തട്ടിപ്പറിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. 2019-ല്‍ തീവണ്ടിയാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് 40,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസിലും വടക്കഞ്ചേരി പാളയത്തുള്ള ക്ഷേത്രഭണ്ടാരം കുത്തിത്തുറന്ന കേസിലും പിടികിട്ടാപ്പുള്ളിയാണ് .

എരുമപ്പെട്ടി, വടക്കാഞ്ചേരി, ചെറുതുരുത്തി, വിയ്യൂര്‍, ശ്രീകണ്ഠപുരം, ഇരിക്കുര്‍, ആലത്തൂര്‍, വടക്കഞ്ചേരി, ചിറ്റൂര്‍, തൃശ്ശൂര്‍, ന്യൂ മാഹി എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്.