ചാലക്കുടി: നിരവധി കൊള്ളകളിലും ആക്രമണക്കേസുകളിലും പ്രതിയായി 18 വര്‍ഷമായി ഉത്തരേന്ത്യയിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്ന പെരുമ്പാവൂര്‍ സ്വദേശി പാറാട്ട് ജാഫറിനെ (44) ചാലക്കുടി ഡിവൈ.എസ്.പി. കെ.എം. ജിജിമോന്‍, കൊടകര എസ്.എച്ച്.ഒ. ബേസില്‍ തോമസ് എന്നിവര്‍ തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് പിടികൂടി. രണ്ടുപതിറ്റാണ്ടുമുമ്പ് കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന 'പോട്ടിമാര്‍ട്ടിന്‍ ഗ്യാങ്ങി'ന്റെ തലവനായിരുന്നു ജാഫര്‍ എന്ന് പോലീസ് പറഞ്ഞു.

2003 ഒക്ടോബര്‍ 25-ന് കാറിലെത്തിയ ജാഫറും സംഘവും ആളൂരിലെ പെട്രോള്‍ പമ്പിലെത്തി ജീവനക്കാരെ വടിവാളും ബോംബും കാണിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരത്തോളം രൂപ തട്ടിയെടുത്തതായി കേസുണ്ട്. ഈ കേസിനുശേഷം മുങ്ങിയതാണ്. ക്വട്ടേഷന്‍സംഘത്തിലെ അംഗം കൂടിയാണ്.

2003-ല്‍ത്തന്നെ വി.ആര്‍. പുരം സ്വദേശിയായ വ്യാപാരിയെ കുടിപ്പകയുടെ പേരില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ആലുവ കീഴ്മാട് സ്വദേശിയെ ബോംബെറിഞ്ഞുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ജാഫര്‍ പ്രതിയാണ്.

ഇയാള്‍ കര്‍ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജാഫര്‍ പിടിയിലായത്.

എസ്.ഐ. ജെ. ജെയ്സണ്‍, പ്രത്യേകാന്വഷണസംഘത്തിലെ എസ്.ഐ. ജിനുമോന്‍ തച്ചേത്ത്, എ.എസ്.ഐ.മാരായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒ.മാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, സൈബര്‍ വിദഗ്ധരായ എം.ജെ. ബിനു, എ.കെ. മനോജ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.