ആറ്റിങ്ങല്‍: കാറിലെത്തിയസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വിദ്യാര്‍ഥിനി പറഞ്ഞ കഥയില്‍ വിശ്വസിച്ച് വീട്ടുകാരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം വലഞ്ഞു. അന്വേഷണത്തിനൊടുവില്‍ കുട്ടിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് ട്യൂഷന് പോകാതിരിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത കഥയാണ് അതെന്ന് പെണ്‍കുട്ടി സമ്മതിച്ചത്.

നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് കഥമെനഞ്ഞ് എല്ലാവരെയും പരിഭ്രാന്തിയിലാക്കിയത്. രാവിലെ ഏഴുമണിയോടെ ട്യൂഷന് പോകാനായി വീട്ടില്‍നിന്നു പോയ പെണ്‍കുട്ടി അല്പം കഴിഞ്ഞ് ഓടിക്കിതച്ച് വീട്ടിലെത്തി കാറിലെത്തിയവര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും അവരെ ബാഗ്കൊണ്ട് അടിച്ചശേഷം ഓടിരക്ഷപ്പെട്ടെന്നും വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ റസിഡന്റ്സ് അസോസിയേഷനെയും പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ തിങ്ങിക്കൂടി. കുട്ടി നല്കിയ മൊഴിവച്ച് പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. 

റോഡില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് പെണ്‍കുട്ടി പറഞ്ഞമാതിരിയുള്ള വാഹനം എങ്ങും കടന്നുപോകുന്നത് കണ്ടെത്താനായില്ല. അപ്പോഴും പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനിന്നു. കൂട്ടുകാരിയുടെ അമ്മൂമ്മയോട് പോലീസ് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി അവിടെ ചെന്നിരുന്നില്ലെന്ന് അവര്‍ അറിയിച്ചു. 

തുടര്‍ന്ന് ക്യമറാദൃശ്യങ്ങള്‍ കുട്ടിയെ കാണിക്കുകയും അമ്മൂമ്മയെയും കൂടെനിര്‍ത്തി കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തതോടെയാണ് കഥപൊളിഞ്ഞത്. ട്യൂഷന്‍ക്ലാസില്‍ പോകാതിരിക്കാന്‍ വേണ്ടി താന്‍ മെനഞ്ഞകഥയാണെന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു. സീരിയല്‍കഥയാണ് തന്നെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും കുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിന് വ്യക്തത വന്നതോടെ പെണ്‍കുട്ടിയെ പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കേസെടുത്തിട്ടില്ല.