കഴക്കൂട്ടം: വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പോലീസ് പിടികൂടി. കാട്ടായിക്കോണം ഉള്ളൂര്‍കോണം കുന്നുവില വീട്ടില്‍ ഹാഷിം (27), അണ്ടൂര്‍ക്കോണം പായ്ച്ചിറ ചെരിനട റഫീക് മന്‍സിലില്‍ മുഹമ്മദ് ശഫീക്, അണ്ടൂര്‍ക്കോണം പായ്ച്ചിറ കല്ലൂപാലം നാസര്‍ മന്‍സിലില്‍ സല്‍മാന്‍ (24), അണ്ടൂര്‍ക്കോണം പായ്ച്ചിറ തൈക്കാവിനു സമീപം പാണ്ടിവിള വീട്ടില്‍ ഫൈസല്‍(24), കഠിനംകുളം മേനംകുളം ഭാരത് ഗ്യാസ് കമ്പനി കനാല്‍ പുറമ്പോക്ക് വീട്ടില്‍ സൈഫുദീന്‍ (28) എന്നിവരെയാണ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാത്രി 10.30-ന് തുമ്പ വിളൈകുളത്ത് താമസക്കാരനായ വാവകൃഷ്ണയെ മുന്‍വിരോധത്താല്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കാന്‍ ആയുധങ്ങളുമായി എത്തിയതാണ് സംഘം. കഴക്കൂട്ടം എഫ്.സി.ഐ. ഗോഡൗണിന് മുന്‍വശം വാളും മറ്റ് മാരകായുധങ്ങളും വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കവേ പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. 

കഴകൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രമോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക്, കഴക്കൂട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.അജയ്കുമാറിന്റെ നേതൃത്വത്തില്‍ തുമ്പ പോലീസ് സ്റ്റേഷന്‍ എസ്.ഐ. അജിത്കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, മുകേഷ്, മനു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.