കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.

മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. ഈ സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. 

ക്രൈം നന്ദകുമാറിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂറാണ് പരാതി നല്‍കിയിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Content Highlights: crime nandhakumar arrested by cyber police