കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പതിനഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മയിലിനാണ് അന്വേഷണച്ചുമതല. 

അതേസമയം, മന്‍സൂര്‍ വധക്കേസില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. മന്‍സൂര്‍ വധക്കേസില്‍ നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ല. ഒരു കേസിലെ പ്രതികളെ പിടികൂടിയില്ലെന്ന് പറഞ്ഞ് മറ്റു കേസുകളിലെ പ്രതികളെ പിടികൂടുന്നതിനെതിരേ പ്രതിഷേധിക്കുന്നത് ശരിയല്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ എത്രയുംവേഗം പിടികൂടാനാണ് ശ്രമം. പോലീസ് നിക്ഷ്പക്ഷതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാനൂര്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായും ആര്‍. ഇളങ്കോ വിശദീകരിച്ചു. 

നേരത്തെ, കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. മന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. 

പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു. വ്യാഴാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Content Highlights: crime branch will investigate panoor mansoor murder case