ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന  നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും നിര്‍മാണക്കമ്പനിയിലും റെയ്ഡ് നടത്തുന്നത് ഒരു തോക്ക് തേടിയെന്ന് വിവരം. 

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഒരു തോക്കിനെ കുറിച്ച് പറയുന്നുണ്ടെന്നും റെയ്ഡില്‍ പ്രധാനമായും ഈ തോക്കാണ് അന്വേഷിക്കുന്നതുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നറിയുന്നത്. എന്നാല്‍, ഇക്കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

dileep home raid
ദിലീപിന്റെ വീടിന് പുറത്ത് നിലയുറപ്പിച്ച പോലീസ് സംഘം | ഫോട്ടോ: മാതൃഭൂമി

ബാലചന്ദ്ര കുമാറിന്റെ മൊഴികളില്‍ പറയുന്ന മറ്റു വസ്തുതകള്‍ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണ സംഘം തേടുന്നുണ്ട്. സൈബര്‍ വിദഗ്ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടെന്നാണ് വിവരം. പത്മസരോവരത്തില്‍ വച്ചാണ് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയതെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, ദിലീപിന്റെ വീട്ടിലും മറ്റിടങ്ങളിലും പരിശോധന മാത്രമാണ് നടക്കുന്നതെന്നും നടനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്നുണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ വ്യക്തമാക്കി. റെയ്ഡിനിടെ ദിലീപിന്റെ വീട്ടില്‍ നിന്നും സഹോദരന്‍ അനൂപിന്റെ വീട്ടിലേക്ക് പോകവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

DILEEP HOME RAID
ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ ദിലീപിന്റെ വീടിന് പുറത്തേക്ക് വരുന്നു | ഫോട്ടോ: മാതൃഭൂമി

ഉച്ചയ്ക്ക് രണ്ടരയോടെ ദിലീപും ആലുവ പാലസിനരികെയുള്ള പത്മസരോവരം എന്ന തന്റെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. രാവിലെ 11.30-ഓടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.

Content Highlights: Crime Branch SP's response about raid in Actor Dileep's house at Aluva