രാമങ്കരി(ആലപ്പുഴ): പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് രാമങ്കരിയില്‍ തലപൊക്കിയ വിഭാഗീയത തെരുവുയുദ്ധത്തിലേക്കും സംഘര്‍ഷത്തിലേക്കും വ്യാപിക്കുന്നു. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി കെ.ടി. ശരവണനെയും (30) സംഘത്തെയും എ.സി. റോഡില്‍ കാര്‍തടഞ്ഞു മര്‍ദിച്ചു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. നേതാക്കളായ രഞ്ജിത്ത് രാമചന്ദ്രന്‍ (28), ജിത്ത് (37) എന്നിവര്‍ക്കും പരിക്കുണ്ട്. കാറിന്റെ ചില്ലുകള്‍ തകര്‍ത്തനിലയിലാണ്. അടിയേറ്റ് എതിര്‍പക്ഷത്തുള്ള ചെറുപ്പക്കാരനും മുഖത്തു പരിക്കേറ്റതായി പറയുന്നു. എന്നാല്‍, ഇതില്‍ പോലീസില്‍ പരാതിയില്ല.

ശരവണന്റെ വീട്ടിലിരുന്ന സ്‌കൂട്ടര്‍ അര്‍ധരാത്രിക്കുശേഷം കത്തിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തു. ഒക്ടോബര്‍ മൂന്നിന് സി.പി.എം. പ്രവര്‍ത്തകര്‍തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രാമങ്കരി പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സജീവ് ഉതുംതറ, പാര്‍ട്ടിയംഗം പ്രവീണ്‍ എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്കു നേരെയാണ് ഇത്തവണ ആക്രമണമുണ്ടായിരിക്കുന്നത്. പകപോക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നെന്ന് ഇരുപക്ഷവും ആക്ഷേപമുന്നയിച്ചുകഴിഞ്ഞു.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഘര്‍ഷത്തിനു തുടക്കമാകുന്നത്. ശരവണനും സംഘവും മങ്കൊമ്പില്‍നിന്നു രാമങ്കരിയിലേക്കു പോകുംവഴി പള്ളിക്കൂട്ടുമ്മയ്ക്കുസമീപമുള്ള ഹോട്ടലിനുമുന്നില്‍വെച്ചാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. മുന്‍ പരിചയമുള്ളയാള്‍ കൈകാണിച്ച് കാര്‍ നിര്‍ത്തിച്ചു. താക്കോല്‍ ഊരിയെടുത്ത് മര്‍ദിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. പുറത്തിറങ്ങിയ തന്നെയും സുഹൃത്തുക്കളെയും അടിച്ചവശരാക്കി. പ്രവീണ്‍, പ്രദീപ്, സന്ദീപ് തുടങ്ങി പത്തോളംപേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സി.പി.എം. നേതാക്കളും പോലീസും സ്ഥലത്തെത്തി ശരവണനെയും സംഘത്തെയും ചങ്ങനാശ്ശേരി ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം വീട്ടില്‍ക്കൊണ്ടാക്കി. രാത്രി ഒന്നരയോടെ ശരവണന്റെ വീട്ടില്‍ ഭാര്യ അശ്വതിയുടെ സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് തീകെടുത്തിയത്. വിവരമറിഞ്ഞ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലടക്കം ശാസ്ത്രീയ പരിശോധന ആരംഭിച്ചെന്ന് രാമങ്കരി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വിരലടയാളവിദഗ്ധരും ഫൊറന്‍സിക് സംഘവുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവംനടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മിന്നലും മഴയും കാരണം വീടുകളിലെ ക്യാമറകള്‍ പലരും വിച്ഛേദിച്ചിട്ടിരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

കടുത്ത വിഭാഗീയത

കടുത്ത വിഭാഗീയതയാണ് രാമങ്കരിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നത്. പഞ്ചായത്ത്, ഏരിയ ഭരണം കൈയാളുന്ന പക്ഷവും ഇവരെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷം. രാമങ്കരിയില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താതിരിക്കാനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നതെന്ന് എതിര്‍പക്ഷമാരോപിക്കുന്നു.

എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമെന്ന് ഔദ്യോഗികപക്ഷം പറയുന്നു. ബ്രാഞ്ചു സമ്മേളനങ്ങള്‍പ്പോലും പൂര്‍ത്തിയായിട്ടില്ല. 17 ബ്രാഞ്ചുള്ളതില്‍ ഏഴെണ്ണമേ കഴിഞ്ഞുള്ളൂ. ഏരിയ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെയാണ് ഈ സ്ഥിതി.