തിരുവനന്തപുരം: ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകര്‍ത്തു. അണ്ടൂര്‍കോണം പള്ളിച്ച വീട് മുന്‍വാര്‍ഡംഗം ശിവപ്രസാദിന്റെ പള്ളിപ്പുറത്തെ വീടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്. വീടിനു നേരേ നാടന്‍ ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്തുനിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും തകര്‍ത്തു.
ബി.ജെ.പി. പ്രവര്‍ത്തകനായ ശിവപ്രസാദ് അടക്കം 25 പേര്‍ കഴിഞ്ഞയാഴ്ച സി.പി.എമ്മിലേക്ക് മാറിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണക്കാരനെന്ന പേരില്‍ ശിവപ്രസാദിനെ ഫെയ്‌സ്ബുക്കിലും മറ്റും ബി.ജെ.പി. പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചിരുന്നു. ഇതില്‍ നേതൃത്വം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സി.പി.എമ്മിലേക്ക് മാറിയത്. പാര്‍ട്ടി മാറിയതിനു ശേഷവും ഭീഷണികളുണ്ടായിരുന്നതായി ശിവപ്രസാദ് പറഞ്ഞു.
സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ മംഗലപുരം പോലീസില്‍ പരാതി നല്‍കി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: cpm workers home attacked by bjp workers in trivandrum