കൂത്തുപറമ്പ്: പരോളിലിറങ്ങിയ ജീവപര്യന്തം തവുകാരന്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. 2007-ല്‍ മൂര്യാട്ടുവെച്ച് ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സി.പി.എം. പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് തിരിച്ചെത്താത്തത്. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ജനുവരി 30-ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16-ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16-ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നുപറഞ്ഞ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. പരാതിയില്‍ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി.

വീട്ടില്‍നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ്‍ സ്വിച്ചോഫായതായി പോലീസ് കണ്ടെത്തി. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കി.

Content Highlights: cpm worker who went out from jail with parole not returned, police investigation is on