ചെത്തല്ലൂര്‍(പാലക്കാട്): സ്ത്രീപീഡനക്കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടോപ്പാടം കൊടക്കാട് സ്വദേശി മാട്ടായില്‍വീട്ടില്‍ വിജീഷിനെയാണ് (28) അറസ്റ്റ് ചെയ്തത്. കോട്ടോപ്പാടം സ്വദേശിയായ സ്ത്രീയാണ് വിജീഷ് ലൈംഗികമായി പീഡിപ്പിച്ചതായി തിങ്കളാഴ്ച പരാതിനല്‍കിയത്. തുടര്‍ന്ന്, നാട്ടുകല്‍ പോലീസ് വൈകീട്ടോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഒന്നരവര്‍ഷംമുമ്പ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സ്വയംപകര്‍ത്തി. തുടര്‍ന്ന്, നവമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പരാതിനല്‍കിയതെന്ന് നാട്ടുകല്‍ എസ്.ഐ. വി. ജയപ്രസാദ് പറഞ്ഞു. 

ഡി.വൈ.എഫ്.ഐ. കോട്ടോപ്പാടം മേഖലാ ജോയന്റ് സെക്രട്ടറിയും സി.പി.എം. കൊടക്കാട് ബൂത്ത് സെക്രട്ടറിയുമാണ് വിജീഷെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച നാലോടെ കോടതിയില്‍ ഹാജരാക്കി.