കൊച്ചി: സിപിഎം പ്രാദേശിക നേതാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ പേര് പരാമര്‍ശിച്ചതില്‍ പ്രതികരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. എന്തുകൊണ്ടാണ് തന്റെ പേര് കുറിപ്പില്‍ എഴുതിയതെന്ന് അറിയില്ലെന്നും സിയാദിനെതിരേ ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തതെന്നും സക്കീര്‍ ഹുസൈന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സിയാദിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണംകാണിക്കല്‍ നോട്ടീസും നല്‍കി, പക്ഷേ നടപടിയിലേക്ക് കടന്നിട്ടില്ല. സിയാദിനെതിരായ നടപടി ഒരിക്കലും ഏരിയാ കമ്മിറ്റിക്ക് മുമ്പാകെ വന്നിട്ടില്ല. എന്തിനാണ് എന്റെ പേര് എഴുതിവെച്ചതെന്ന് അറിയില്ല. അയാളുമായി നേരിട്ട് സംസാരിക്കേണ്ട ഒരു ആവശ്യവും വന്നിട്ടില്ല. ലോക്കല്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ എല്ലാ നടപടികളും സ്വീകരിച്ചത്- സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടികള്‍ മാത്രമാണ് സിയാദിനെതിരേ ഉണ്ടായതെന്നും പ്രളയ ഫണ്ട് തട്ടിപ്പില്‍ അദ്ദേഹത്തിന് പങ്കില്ലെന്നും സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി. സംഭവം പാര്‍ട്ടി തലത്തില്‍ മാത്രമല്ല, എല്ലാ തലത്തിലും പരിശോധിക്കണമെന്നും ആത്മഹത്യ ചെയ്തയാളുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് നമുക്ക് അറിയില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിയാദിനെതിരേ നടപടി സ്വീകരിക്കാനിടയായ ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തോട് സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചില്ല.
മാര്‍ച്ച് ഒമ്പതിനാണ് സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗവും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ സിയാദിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അടക്കമുള്ളവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന സിയാദിന്റെ കുറിപ്പ് വ്യാഴാഴ്ച ബന്ധുക്കള്‍ കണ്ടെടുത്തിരുന്നു. സിയാദിന്റെ വാഹനത്തിനുള്ളില്‍നിന്നാണ് ബന്ധുക്കള്‍ക്ക് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ബന്ധുക്കള്‍ കുറിപ്പ് പോലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തു.
സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് പുറമേ, സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയചന്ദ്രന്‍, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി തുടങ്ങിയവര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്. ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.
സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പ്രളയ ഫണ്ട് തട്ടിപ്പില്‍ വിവാദത്തിലായ ബാങ്കാണ് അയ്യനാട് സഹകരണ ബാങ്ക്. ഈ ബാങ്കിന്റെ ഡയറക്ടര്‍ കൗലത്ത്, ഭര്‍ത്താവും സിപിഎം പ്രാദേശിക നേതാവുമായ അന്‍വര്‍ തുടങ്ങിയവര്‍ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളാണ്.
പ്രളയഫണ്ട് തട്ടിപ്പ് ഏറെ വിവാദമായതിനിടെയായിരുന്നു സിയാദിന്റെ ആത്മഹത്യ. എന്നാല്‍ സിയാദിന് പ്രളയ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
Content Highlights: cpm local leader va siyad suicide; cpm area secretary sakeer hussain's response