തിരുവല്ല: സി.പി.എം. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ-വ്യക്തി വിരോധമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയപരമായും വ്യക്തിപരമായും വൈരാഗ്യമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജിഷ്ണു യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്നുവെന്നും ഒന്നാം പ്രതിയായ ഇയാളാണ് സന്ദീപിനെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ചതെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പോലീസ് കുടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍...

സി.പി.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോലീസ് കുടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ഒന്നാംപ്രതി ജിഷ്ണു കൂട്ടുപ്രതികളായ പ്രമോദ്, നന്ദു എന്നിവരെ കരുവാറ്റയില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ വെള്ളക്കെട്ടില്‍ വെട്ടിവീഴ്ത്തുന്നത്. മുഹമ്മദ് ഫൈസല്‍, വിഷ്ണു എന്നിവരുള്‍പ്പടെ അഞ്ച് പേരാണ് കൃത്യം നടത്തിയത്. ഇവരിരുവരും ഒഴികെയുള്ളവര്‍ ബൈക്കില്‍ കരുവാറ്റയിലെ ജിഷ്ണുവിന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഏഴ് സി.ഐ.മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി.

കൂടല്‍ സി.ഐ.യുടേയും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമിലെ സി.ഐ.യുടേയും നേതൃത്വത്തിലുളള 12 അംഗ സംഘമാണ് കരുവാറ്റയിലേക്ക് പോയത്. കൊലപാതകം നടത്തിയശേഷം പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഫോണ്‍ ഓഫാക്കുന്നതിന് മുമ്പ് പ്രതികള്‍ വിളിച്ച നമ്പറുകള്‍ പിന്‍തുടര്‍ന്നാണ് കരുവാറ്റയിലേക്ക് എത്തിയത്.

ജിഷ്ണുവിന്റെ ബന്ധുവീട് ഇവിടെ ഉണ്ടെന്ന് ഇതിനിടെ പോലീസ് സംഘം തിരിച്ചറിഞ്ഞിരുന്നു. ഇവിടെവെച്ച് കാര്യമായ എതിര്‍പ്പുകളില്ലാതെ പ്രതികള്‍ കീഴടങ്ങി. ഇവരെ ചോദ്യം ചെയ്തതോടെ ഫൈസല്‍ കുറ്റപ്പുഴയിലെ ലോഡ്ജില്‍ കഴിയുകയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഉടന്‍ തിരുവല്ലയിലുള്ള സംഘം ലോഡ്ജിലെത്തി.

മറ്റ് രണ്ട്പേര്‍ക്കൊപ്പമാണ് ഫൈസല്‍ ഇവിടെ ഉണ്ടായിരുന്നത്. 4.30-ന് പിടികൂടി. കൃത്യം നടത്തിയശേഷം വിഷ്ണുവിന്റെ ബൈക്കിലാണ് ഫൈസല്‍ ലോഡ്ജിലെത്തിയത്. ഇവിടെ ബൈക്ക് വെച്ചശേഷം വിഷ്ണു കടന്നുകളയുകയായിരുന്നു. വിഷ്ണുവിനെ പിന്നീട് എടത്വായില്‍ നിന്നാണ് പോലീസ് പിടിച്ചത്.

Content Highlights: cpm local leader sandeep kumar murder case thiruvalla police remand report