തിരുവല്ല: ജനപ്രതിനിധിയായും പാര്‍ട്ടിനേതാവായും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായിരുന്ന സന്ദീപിന് ഹൃദയഭേദകമായ യാത്രാമൊഴി. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. സന്ദീപിന്റെ രണ്ടുവയസുള്ള മകനും രണ്ടരമാസം പ്രായമുള്ള മകളും കണ്ണീര്‍ കാഴ്ചകളായി.

രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. തുടര്‍ന്ന് ഒരുമണിയോടെ തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.

പിന്നീട് പെരിങ്ങര ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോയി. സന്ദീപ് പഠിച്ച ചാത്തങ്കരി എസ്.എന്‍.ഡി.പി. ഹൈസ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. നാലരയോടെയാണ് വീട്ടിലെത്തിച്ചത്. മന്ത്രിമാരായ എം.വി.ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, വി.എന്‍.വാസവന്‍, എം.എല്‍.എ. മാരായ മാത്യു ടി.തോമസ്, കെ.യു. ജനീഷ് കുമാര്‍, മുന്‍ എം.പി. സി.എസ്.സുജാത, സി.പി.എം. ജില്ലാ സെക്രട്ടറി എ.പി.ഉദയഭാനു, ആര്‍. സനല്‍കുമാര്‍, ഫ്രാന്‍സിസ് വി.ആന്റണി, പ്രമോദ് ഇളമണ്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അനുശോചന സമ്മേളനം എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

വിറയ്ക്കുന്നകൈകളില്‍ പിറന്നാള്‍ സമ്മാനവുമായി സുനിത

വിറയ്ക്കുന്ന കൈകളില്‍ ചുവപ്പുനിറമുള്ള പുതിയ ഉടുപ്പുമായാണ് സന്ദീപിന്റെ മൃതദേഹത്തിനരികിലേക്ക് ഭാര്യ സുനിത വന്നത്. ശനിയാഴ്ച 34-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഭര്‍ത്താവിന് നല്‍കാന്‍ വാങ്ങിവെച്ചിരുന്ന സമ്മാനമായിരുന്നു അത്. ചിതയിലേക്ക് എടുക്കുമ്പോഴും ഉടുപ്പ് മൃതദേഹത്തോട് ചേര്‍ത്തുവെച്ചിരുന്നു.

കാത്തുനിന്നു, കൊലപ്പെടുത്തി മടങ്ങി 

തിരുവല്ല: സന്ദീപിനെ കൊലപ്പെടുത്താനെത്തിയ സംഘം അരമണിക്കൂറോളം കാത്തുനിന്നശേഷമാണ് അക്രമം നടത്തിയത്. ചാത്തങ്കരി-ചക്കുളത്തുകാവ് റോഡില്‍ കണ്ണങ്കരി കലുങ്ക് കഴിഞ്ഞ് വലത്തേക്കുള്ള ഇടവഴിയിലെ ആദ്യ കലുങ്കില്‍ വെച്ചാണ് ആക്രമണം നടന്നത്.

സന്ദീപ് ഇവിടെ തനിച്ച് ബുള്ളറ്റില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പലപ്പോഴും ഇവിടെ സന്ദീപ് ഇരിക്കാറുണ്ടെന്ന് പ്രതികള്‍ മനസ്സിലാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്.

സന്ദീപിന്റെ വീട്ടില്‍നിന്നു 300 മീറ്ററോളം മാറിയാണ് ഈ സ്ഥലം. ഇവിടെനിന്നു മുക്കാല്‍ കിലോമീറ്റര്‍ മാറി ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപമാണ് പ്രധാന പ്രതിയായ ജിഷ്ണുവിന്റെ വീട്. മാരകായുധങ്ങളുമായി ഒരുസംഘം ചെറുപ്പക്കാര്‍ കണ്ണങ്കരി കലുങ്കിന് ഇപ്പുറത്ത് നില്‍ക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. കഞ്ചാവ് സംഘങ്ങള്‍ വിളയാടുന്ന പ്രദേശമായതിനാല്‍ അത്തരത്തില്‍ ആരോ ആകുമെന്നാണ് കരുതിയത്.

പാര്‍ട്ടി അനുഭാവിയുടെ കേസുമായി ബന്ധപ്പെട്ട് പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ വൈകീട്ട് എത്തിയ ശേഷമാണ് സന്ദീപ് തിരിച്ചെത്തുന്നത്. അക്രമം നടന്ന കലുങ്കിന് സമീപമുള്ള വയലിലാണ് മുറിവേറ്റ് സന്ദീപ് കിടന്നിരുന്നത്. അക്രമിസംഘം മടങ്ങുമ്പോള്‍ സന്ദീപിന്റെ സഹപ്രവര്‍ത്തകരായ രാകേഷ്, അപ്പു എന്നിവര്‍ ഇവിടേക്ക് എത്തി. ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷമാണ് പ്രതികള്‍ മടങ്ങിയത്. അവനെ വെട്ടിയിട്ടിട്ടുണ്ട്, വേണേല്‍ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപൊക്കോയെന്ന് ആക്രോശിക്കുകയും ചെയ്തു.

ഇവിടെനിന്നുപോയ പ്രതികള്‍ കണ്ണങ്കരി കലുങ്കിന് സമീപത്തെ ബാബുവിന്റെ മാടക്കടയിലെത്തി അക്രമം കാട്ടി. സന്ദീപിനും മറ്റും ഇവിടെ നിന്ന് സാധനങ്ങള്‍ നല്‍കരുതെന്നും കടയില്‍ ഇരുത്തരുതെന്നും ഭീഷണിപ്പെടുത്തിയതായി ബാബു പറഞ്ഞു. ഭരണികളും കസേരയും അടിച്ചുതകര്‍ത്തു. തന്നെ കുത്താന്‍ ശ്രമിച്ചതായും ബാബു പറഞ്ഞു. ഈ സമയം സന്ദീപ് ഗുരുതരാവസ്ഥയില്‍ കിടക്കുന്ന വിവരം കടയിലുള്ളവര്‍ അറിഞ്ഞിരുന്നില്ല.

വെള്ളക്കെട്ടിനുസമീപമെത്തിയ രാകേഷും അപ്പുവും ചേര്‍ന്ന് സന്ദീപിനെ ബൈക്കിന് ഇടയില്‍ ഇരുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇടയ്ക്ക് എനിക്ക് ശ്വാസംമുട്ടുന്നതായി സന്ദീപ് ഇവരോട് പറഞ്ഞിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനകം മരണം സ്ഥിരീകരിച്ചു. 18 മുറിവുകളാണ് സന്ദീപിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. മുതുകത്തെ മൂന്നുകുത്തുകളും ഇടതുനെഞ്ചിലെ ഒരുകുത്തുമാണ് ആഴമേറിയിരുന്നത്. രണ്ടര സെന്റിമീറ്റര്‍ വരെ നീളമുള്ളതായിരുന്നു മുറിവുകള്‍.