ആലപ്പുഴ:  അമ്പലപ്പുഴയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. സി.പി.എം. തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ മുരളിയാണ് മര്‍ദനത്തിനിരയായത്. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യും നാല് പോലീസുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ മുരളി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

സി.പി.എം. അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് മുരളിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. കഴിഞ്ഞ മാസം 29 മുതലാണ് സജീവനെ കാണാതായത്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശനിയാഴ്ച വൈകിട്ട് കേസുമായി ബന്ധപ്പെട്ട് മുരളിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. തുടര്‍ന്ന് 'സജീവന്‍ എവിടെ' എന്ന് ചോദിച്ച് മര്‍ദിച്ചെന്നാണ് ആരോപണം. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദനം തുടര്‍ന്നു. രാത്രി 11 മണിവരെ മര്‍ദനത്തിനിരയായി. കുനിച്ച് നിര്‍ത്തി ഇടിച്ചെന്നും വസ്ത്രം അഴിപ്പിച്ച് മുട്ടുകാലില്‍ നിര്‍ത്തിയെന്നും ചെവികളില്‍ അടിച്ചുപരിക്കേല്‍പ്പിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്. മോശമായ ഭാഷയിലാണ് പോലീസുകാര്‍ പെരുമാറിയതെന്നും മുരളി പറഞ്ഞു.  

''ധീരനായ മുഖ്യമന്ത്രി നല്ല ഭരണം ഇവിടെ കാഴ്ചവെയ്ക്കുകയാണ്. ഇങ്ങനെയുള്ള കാട്ടാളന്മാര്‍ ഇരുന്നാല്‍ ഈ ഭരണത്തിന് പോലും കളങ്കമാണ്. അതുപോലെയുള്ള പരിപാടിയാണ് ഇവിടെ കാണിക്കുന്നത്. നമ്മള്‍ സിനിമകളില്‍ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇതുവരെ ഒരു കേസില്‍ പോലും പെട്ടിട്ടില്ല. അവര്‍ പറയുന്ന ഭാഷ പോലും പുറത്തുപറയാന്‍ പറ്റില്ല. അത്ര മോശപ്പെട്ട ഭാഷയാണ്. കുനിച്ച് നിര്‍ത്തി ഇടി, മുട്ടുകാലില്‍ നിര്‍ത്തുക, പുറത്ത് ഇടിക്കുക, ചെവിക്ക് ഇടിക്കുക എന്നിങ്ങനെയാണ്. ഇപ്പോള്‍ ഇരിക്കാനും കിടക്കാനും വയ്യ. നടുവിനൊക്കെ ചവിട്ടി. മര്‍മ്മഭാഗത്തും പരിക്കേറ്റു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോയി ചികിത്സ തേടി. സ്‌കാനിങ് അടക്കം ചെയ്തു. ഇനിയും ചികിത്സിക്കണം''- മുരളി വിശദീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Content Highlights: cpm local leader from alappuzha alleges police brutally attacked him