തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ചടങ്ങില്‍ അതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തേഴുകാരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്ക് 40 ശതമാനത്തോളം മാനസികപ്രശ്നമുള്ളതായും ചികിത്സ നടത്തുന്നയാളാണെന്നും പോലീസ് പറഞ്ഞു. അക്രമത്തിനിരയായ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണില്‍നിന്ന് മൊഴിയെടുത്തു.

ഉയിരെടുക്കാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ നേരേ വരണമെന്നാണ് സംഭവത്തെക്കുറിച്ച് ബേബി ജോണിന്റെ പ്രതികരണം. ഇടതുപക്ഷ അനുകൂലിയാണ് അറസ്റ്റിലായ ആള്‍. ശനിയാഴ്ച വൈകീട്ട് ഏഴിന് തേക്കിന്‍കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞ് മടങ്ങിയശേഷമായിരുന്നു വേദിയില്‍ ആക്രമണം.

വേദിയില്‍ കയറിക്കൂടിയ ഇയാളെ മന്ത്രി വി.എസ്. സുനില്‍കുമാറും റെഡ് വൊളന്റിയര്‍മാരും ചേര്‍ന്ന് ഇറക്കിവിടുന്നതിനിടെ പാഞ്ഞെത്തി പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ തള്ളിവീഴ്ത്തുകയായിരുന്നു. പ്രസംഗസ്റ്റാന്‍ഡും നിലത്തുവീണു. ഉടന്‍ റെഡ് വൊളന്റിയര്‍മാര്‍ അക്രമിയെ പിടികൂടി വേദിക്ക് പുറത്തെത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുംമുന്നേ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.

പിണറായി വിജയന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ഇയാള്‍ ഉച്ചയോടെ തൃശ്ശൂരിലെത്തിയതാണ്. ഉച്ചയ്ക്ക് സന്നദ്ധസംഘടനകള്‍ വഴിയോരത്തുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യഭക്ഷണമാണ് കഴിച്ചത്. നാലുമണിയോടെ സദസ്സിന്റെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു. ചുവപ്പുമുണ്ടും ചുവപ്പുഷര്‍ട്ടുമായിരുന്നു വേഷം. ചില അസ്വസ്ഥതകള്‍ കാണിച്ച യുവാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിവെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വേദി വിടുംവരെ പ്രശ്നമുണ്ടാക്കാത്തതിനാല്‍ നടപടിയെടുത്തില്ല.

Content Highlights: cpm leader baby john attacked in ldf convention thrissur accused has mental illness