കണ്ണൂർ: പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. വേശാല ഇന്ദിരാനഗർ റോഡിലെ(45) പ്രശാന്തിനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം. നെല്ലിയോട്ടുവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ പീഡനക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

ബാലസംഘം പ്രവർത്തകരായ രണ്ട് വിദ്യാർഥികളോട് പ്രശാന്ത് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് കുട്ടികൾ ആദ്യം ചൈൽഡ് ലൈനിലാണ് പരാതി നൽകിയത്. തുടർന്ന് മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

പോലീസ് കേസെടുത്തതോടെ പ്രശാന്ത് ഒളിവിൽപോയി. പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഇയാൾ തിങ്കളാഴ്ച രാത്രിയോടെ മയ്യിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Content Highlights:cpm ex branch secretary arrested in kannur in pocso case