കുന്നംകുളം: പാര്‍ക്കാടി ഭഗവതീക്ഷേത്രത്തിലേക്കുള്ള പൂരം എഴുന്നള്ളിപ്പിനിടെ ചിറ്റഞ്ഞൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. ആറുപേരെ അറസ്റ്റ് ചെയ്തു. ചിറ്റഞ്ഞൂര്‍ സ്വദേശികളായ എളയച്ചാട്ടില്‍ ഷിധിന്‍ (25), അമ്മാട്ട് ഷൈജിത്ത് (27), എളയച്ചാട്ടില്‍ ജിലു (37), മാരാത്ത്പറമ്പില്‍ മഞ്ചേഷ് (33), പുത്തൂര്‍ വീട്ടില്‍ രാഹുല്‍ (25), ചോഴിയാട്ടില്‍ സനീഷ് (37) എന്നിവരെയാണ് എസ്.എച്ച്.ഒ. കെ.ജി. സുരേഷ്, എസ്.ഐ. ഇ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ട് വിഭാഗങ്ങളിലുമായി 16 ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

പൂരം എഴുന്നള്ളിച്ചുവരുന്നതിനിടെ മരോട്ടിക്കുന്നിലുള്ള പന്തലിന് സമീപമായിരുന്നു സംഘര്‍ഷം. സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കമ്മിറ്റിയിലെയും ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഭഗവത് കമ്മിറ്റിയിലെയും ആളുകളാണ് ഏറ്റുമുട്ടിയത്. എഴുന്നള്ളിപ്പ് കാണാന്‍ നിന്നിരുന്ന മാരാത്തുപറമ്പില്‍ മനോജിന്റെ ഭാര്യയായ സൂരജ (30) സംഘര്‍ഷത്തിനിടയില്‍പ്പെട്ടു. ഉന്തും തള്ളും നടക്കുന്നതിനിടയില്‍പ്പെട്ട, ഗര്‍ഭിണിയായ ഇവര്‍ക്ക് നിലത്തുവീണ് പരിക്കേറ്റു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബി.ജെ.പി. പ്രവര്‍ത്തകരായ ചിറ്റഞ്ഞൂര്‍ പന്തല്ലൂര്‍ വീട്ടില്‍ ശ്രീരാഗ് (25), വട്ടംപറമ്പില്‍ വിബീഷ് (28), കരുവള്ളി പ്രദീഷ് ((32), എഴുത്തുപുരയ്ക്കല്‍ ജിഷിന്‍രാജ് (22), കളത്തിപ്പറമ്പില്‍ നിഖില്‍ (24), മത്രംകോട്ട് വിനീത് (32), വട്ടംപറമ്പില്‍ സന്തോഷ് (38) എന്നിവര്‍ക്കും സി.പി.എം. പ്രവര്‍ത്തകരായ ചിറ്റഞ്ഞൂര്‍ മേക്കോണത്ത് വിഷ്ണുരാഗ് (25), കുറുപ്പത്ത് വീട്ടില്‍ ഷാനു (32) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ബി.ജെ.പി. പ്രവര്‍ത്തകരെ കുന്നംകുളത്തെയും ചാവക്കാട്ടെയും സ്വകാര്യ ആശുപത്രികളിലും സി.പി.എം. പ്രവര്‍ത്തകരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കുമാണ് ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുള്ളത്.

നാട്ടുകൂട്ടത്തിന്റെ പന്തലിലൂടെ ഭഗവതിന്റെ പൂരം കടന്നുപോയപ്പോള്‍ ചിലര്‍ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഭഗവത് കമ്മിറ്റിയിലുള്ളവര്‍ ആരോപിച്ചു. എന്നാല്‍ നാട്ടുകൂട്ടത്തിന്റെ പൂരത്തിനിടയിലേക്ക് ചിലര്‍ തള്ളിക്കയറുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തെന്നാണ് നാട്ടുകൂട്ടം കമ്മിറ്റിയുടെ ആരോപണം. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഇരുവിഭാഗത്തിലുള്ളവരുടെയും പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

Content Highlights: cpm bjp workers clash in temple festival kunnamkulam; 10 injured