തിരുവനന്തപുരം: വിളവൂര്‍ക്കല്‍ പെരുകാവില്‍ ഗര്‍ഭിണിയെ ആക്രമിച്ചതായി പരാതി. പഞ്ചായത്ത് മെമ്പറായ ബിജെപി നേതാവിന്റെ ഗര്‍ഭിണിയായ മകളെ സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി മര്‍ദിച്ചതായാണ് ആരോപണം. ബിജെപി നേതാവിന്റെ മകളായ രാജശ്രീയ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇതിന് സമീപത്തായി സിപിഎം അനുഭാവിയുടെ വീട് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും പരാതിയുണ്ട്. സിപിഎം അനുഭാവിയായ വിശാലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

കഴിഞ്ഞദിവസം രാത്രിയാണ് ഈ രണ്ട് സംഭവങ്ങളുമുണ്ടായത്. വോട്ടെടുപ്പ് ദിവസം മുതല്‍ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ അക്രമസംഭവങ്ങളുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പരാതികളില്‍ അന്വേഷണം നടത്തിവരികയാണെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു. 

Content Highlights: cpm bjp clash in perukavu thiruvananthapuram attack against pregnant woman