കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സി.പി.എം.-സി.പി.ഐ. സീറ്റുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. തിരഞ്ഞെടുപ്പു യോഗം കഴിഞ്ഞു മടങ്ങിയ സി.പി.ഐ. പ്രവര്‍ത്തകനെ വീട്ടില്‍ കയറി മര്‍ദിച്ചതായാണ് പരാതി. ആക്രമണത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് സി.പി.ഐ. ആരോപിച്ചു.

സി.പി.ഐ. തൃക്കാരിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.ജി. പ്രദീപിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സി.പി.ഐ. സ്ഥാനാര്‍ത്ഥി റിയ റിജുവിന്റെ തിരഞ്ഞെടുപ്പ് വാര്‍ഡു കമ്മിറ്റിക്കു ശേഷം വീട്ടിലെത്തിയ പ്രദീപിനെ സി.പി.എം. പ്രവര്‍ത്തകരായ സി.എ. സിദ്ദിഖ്, എന്‍.യു. നാസര്‍, ടി.എസ്. റഷീദ്, എ.ആര്‍. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

എന്നാല്‍, പ്രദീപിനോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തിയ തങ്ങളെ ഇങ്ങോട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നത്.

മര്‍ദനം കണ്ട് ഓടിയെത്തിയ മാതാപിതാക്കളെയും അംഗപരിമിതയായ സഹോദരിയെയും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

പരിക്കേറ്റ പ്രദീപിനെ കോതമംഗലം ബസേലിയോസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോതമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് സീറ്റ് ജോസ് കെ. മാണി പക്ഷത്തിനു കൊടുത്തതില്‍ സി.പി.എം.-സി.പി.ഐ. തര്‍ക്കം ഉടലെടുത്തിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് പക്ഷത്തിന്റേതാണെന്ന് സി.പി.എം. പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.ഐ.യും കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്.

Content Highlights: cpi worker attacked in nellikuzhi kothamangalam