വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് യു.എസിലെത്തിയ യാത്രക്കാരന്റെ ബാഗേജിൽ കണ്ടെത്തിയ ചാണകവറളി ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. വാഷിങ്ടണിലെ ഒരു വിമാനത്താവളത്തിലാണ് യു.എസ്. കസ്റ്റംസ് ഉദ്യോഗസ്ഥർ ചാണകവറളികൾ പിടികൂടി നശിപ്പിച്ചത്.

ഏപ്രിൽ നാലിന് യു.എസിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ ബാഗേജിൽനിന്നാണ് രണ്ട് ചാണകവറളി കണ്ടെടുത്തതെന്ന് അധികൃതർ പറഞ്ഞു.

ചാണകവറളി കൊണ്ടുവരുന്നതിന് യു.എസിൽ നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. കുളമ്പ് രോഗം പകരാൻ ചാണകം കാരണമാകുമെന്നതിനാലാണ് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇത് മറികടന്നാണ് യാത്രക്കാരൻ ചാണകവറളിയുമായി ഇന്ത്യയിൽനിന്ന് യു.എസിലെത്തിയത്.

കുളമ്പ് രോഗം കന്നുകാലി കർഷകരെ ഏറെ ഭീതിയിലാഴ്ത്തുന്ന അസുഖമാണെന്നും ഇത് ഭീഷണിയാണെന്നും സാമ്പത്തിക പ്രത്യാഘാതത്തിന് വരെ കാരണമാകുമെന്നുമാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ(സി.ബി.പി.) ആക്ടിങ് ഡയറക്ടർ കെയ്ത് ഫ്ളെമിങ് പറയുന്നത്. ലോകത്തിന്റെ ചിലഭാഗങ്ങളിൽ ചാണകം വളമായും ചർമസംരക്ഷണത്തിനും അടക്കം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും കുളമ്പ് രോഗം പ്രതിരോധിക്കാനായി ഇന്ത്യയിൽനിന്നടക്കം ചാണകം കൊണ്ടുവരുന്നത് തങ്ങൾ നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1929 മുതൽ യു.എസിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ അവകാശവാദം. അതിനാൽതന്നെ കുളമ്പ് രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാമാർഗങ്ങളും യു.എസ്. അധികൃതർ ശക്തമായി പിന്തുടരുകയും ചെയ്യുന്നുണ്ട്‌.

Content Highlights:cow dung cake seized from a baggage of an indian passenger in usa officials destroyed it