തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പി.പി.ഇ. കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ് സെന്ററിലേക്ക് മാറ്റി. 

ശനിയാഴ്ച പുലര്‍ച്ചെയാണ് 17-വയസ്സുകാരനെ മോഷണക്കേസില്‍ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഇയാള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവിടെനിന്നാണ് 17-കാരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. 

ശനിയാഴ്ച രാത്രി വൈകിയും ആശുപത്രി പരിസരത്തും നഗരത്തിലും പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. 

തൊടുപുഴ ടൗണ്‍ഹാളിന് സമീപത്തെ മൊബൈല്‍ഷോപ്പില്‍നിന്ന് 11 മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസിലാണ് 17-കാരന്‍ അറസ്റ്റിലായത്. പുലര്‍ച്ചെ മോഷണത്തിന് ശേഷം പ്രതി പോലീസ് പട്രോളിങ് സംഘത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. 

Content Highlights: covid positive accused arrested in thodupuzha