പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റം നിഷേധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനിടെയാണ് പ്രതി കുറ്റം നിഷേധിച്ചത്. 

ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തടങ്കലില്‍വെയ്ക്കുക, പട്ടികജാതി പീഡന നിരോധന നിയമം എന്നിവയുള്‍പ്പെടയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ 540 പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം പ്രതി പാടെ നിഷേധിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതി യുവതിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, ആംബുലന്‍സിന്റെ ജിപിഎസ് വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയവ കേസിലെ നിര്‍ണായക തെളിവുകളാണ്. 

2020 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായത്. 108 ആംബുലന്‍സില്‍ ചികിത്സാകേന്ദ്രത്തിലേക്ക് പുറപ്പെട്ട യുവതിയെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ ആറന്മുളയിലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റൊരു രോഗിയെ കോഴഞ്ചേരിയിലെ ചികിത്സാകേന്ദ്രത്തിലാക്കിയ ശേഷമാണ് നൗഫല്‍ യുവതിയുമായി ആറന്മുളയിലെത്തിയത്. സംഭവത്തിന് ശേഷം ചികിത്സാകേന്ദ്രത്തിലെത്തിയ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

Content Highlights: covid patient raped in ambulance accused denies charge sheet allegations