ജയ്പുര്‍: രാജസ്ഥാനിലെ ബുണ്ടിയില്‍ ബന്ധുക്കളായ യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ബുണ്ടി കേശവപുര സ്വദേശികളായ ദേവരാജ് ഗുര്‍ജാര്‍(23) മഹേന്ദ്ര ഗുര്‍ജാര്‍(23) എന്നിവരാണ് ഞായറാഴ്ച രാത്രി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇരുവരും പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ ആണെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. 

യുവാക്കളുടെ കൈകളില്‍ ഒരു പെണ്‍കുട്ടിയുടെ എഴുതിയിരുന്നു. രണ്ടുപേരും ഒരാളുടെ പേരാണ് കൈകളില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ ആണെന്ന് കണ്ടെത്തിയത്. 

അതിനിടെ, ജീവനൊടുക്കുന്നതിന് മുമ്പ് യുവാക്കള്‍ ഒരുമിച്ചിരുന്ന് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിന് ഒരിക്കലും ഇവനെ കുറ്റപ്പെടുത്തേണ്ടതില്ല. അവന്‍ ചെയ്യുന്നതിന് എന്നെയും കുറ്റപ്പെടുത്തേണ്ട.ഇതിന്റെ പേരില്‍ തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ദേഷ്യമോ വഴക്കോ ഉണ്ടാകരുതെന്നും യുവാക്കള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് അവള്‍ക്ക് അനുയോജ്യനായ വരനെ കണ്ടുപിടിച്ച് വിവാഹം ചെയ്തുകൊടുക്കണമെന്നും ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു. 

സംഭവത്തില്‍ കേസെടുത്തതായും യുവാക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പോലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: cousins commits suicide in bundi rajasthan police said they loved same girl