ചെന്നൈ: തമിഴ്നാട് മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ. 1991-'96 കാലത്ത് എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരില്‍ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന ആര്‍. ഇന്ദിരാകുമാരിക്കും ഭര്‍ത്താവ് ബാബുവിനുമാണ് ശിക്ഷ. ഇവര്‍ക്കുപുറമേ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഷണ്മുഖത്തെ മൂന്നുവര്‍ഷം തടവിനും ശിക്ഷിച്ചു. എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട് കോടതിമുറിയില്‍ മയങ്ങിവീണ ഇന്ദിരാകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഇന്ദിരാകുമാരിയുടെ സഹായി വെങ്കടകൃഷ്ണനെ പതിനായിരം രൂപ പിഴ ചുമത്തി വിട്ടയച്ചു. മറ്റൊരു പ്രതിയായിരുന്ന സാമൂഹികക്ഷേമ വകുപ്പ് മുന്‍ സെക്രട്ടറി കൃപാകരന്‍ വിചാരണ കാലയളവില്‍ മരിച്ചു.

മന്ത്രിയായിരുന്നപ്പോള്‍ ഇന്ദിരാകുമാരി അധികാരമുപയോഗിച്ച് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുള്ള 15.45 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഭര്‍ത്താവ് ബാബു നടത്തിയിരുന്ന സന്നദ്ധ സംഘടനയ്ക്ക് വഴിവിട്ട് അനുവദിക്കുകയായിരുന്നു. ഇതില്‍ അഴിമതി നടന്നതായും പണം ചെലവഴിച്ചില്ലെന്നും ആരോപിച്ചാണ് പരാതിയുയര്‍ന്നത്. കേസന്വേഷിച്ച സി.ബി.സി.ഐ.ഡി. പോലീസ് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 2004-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പിന്നീട് എം.പി.മാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമെതിരായ കേസുകള്‍ക്കുള്ള കോടതിയിലേക്ക് കേസ് മാറ്റി. ഇന്ദിരാകുമാരി മന്ത്രിയായിരുന്നപ്പോള്‍ ജയലളിതയായിരുന്നു മുഖ്യമന്ത്രി. പിന്നീട് 2006-ല്‍ പാര്‍ട്ടിവിട്ട് ഡി.എം.കെ.യില്‍ ചേര്‍ന്നു. സാഹിത്യവിഭാഗം ഭാരവാഹിയായിരിക്കേയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.