ആലുവ: വ്യാജ വിലാസം നിർമിച്ച് കുറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കുറിയര്‍ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി സന്ദീപ് (31) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ ഉരുപ്പടികളാണ് ഇയാൾ മോഷ്ടിച്ചത്.

ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെരി പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സന്ദീപ്. വ്യാജ വിലാസത്തിൽ സ്വർണം ഓർഡർ ചെയ്ത്, കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ അത് തുറന്ന് മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. തുടർന്ന് പാക്കറ്റ് പഴയപോലെ ഒട്ടിച്ച ശേഷം വിലാസത്തിൽ ആളില്ലെന്ന് പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പാക്കറ്റുകൾ ബെംഗളൂരുവിലെ കമ്പനി സ്കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് സ്വർണം ഇല്ലെന്ന വിവരം മനസിലായത്. തുടർന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ജി. വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ രാജേഷ് പി.എസ്, എസ്.ഐ രവി വി.കെ, എ.എസ്.ഐ മാരായ ബിജു എം.കെ. ഇക്ബാൽ, സി.പി.ഒ. ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlights:courier employee arrested in gold theft case