തുറവൂര്‍(ആലപ്പുഴ): കൈഞരമ്പുമുറിച്ചു ഭര്‍ത്താവിനൊപ്പം ആത്മഹത്യക്കുശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന യുവതി അപകടനില തരണംചെയ്തതായി അരൂര്‍ പോലീസ് അറിയിച്ചു. പട്ടണക്കാട് സുനിതാ മന്‍സിലില്‍ അബ്ദുള്‍ മനാഫ് (48), ഭാര്യ ഹസീന (35) എന്നിവരാണു കഴിഞ്ഞദിവസം ഹസീനയുടെ ചന്തിരൂരിലെ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ചത്.

ഉടന്‍തന്നെ ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ മനാഫിനെ രക്ഷിക്കാനായില്ല. പട്ടണക്കാട്ടെ ടാക്‌സി ഡ്രൈവറായ അബ്ദുള്‍ മനാഫും ഭാര്യയും ആത്മഹത്യക്കു ശ്രമിച്ചെന്നും മനാഫ് മരിച്ചെന്നുമുള്ള വാര്‍ത്ത കേട്ടാണ് ബുധനാഴ്ച നാടുണര്‍ന്നത്. മുറിയില്‍ രക്തം വാര്‍ന്നുകിടക്കുന്ന അച്ഛനമ്മമാരെ ഇളയമകളാണ് ആദ്യം കാണുന്നത്.

കുട്ടി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുള്‍ മനാഫ് മരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പട്ടണക്കാട് പൂങ്കാവ് പള്ളിയില്‍ കബറടക്കം നടത്തി.

ഹസീനയുടെ മൊഴിയെടുത്തെങ്കില്‍ മാത്രമേ യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്നകാര്യം വ്യക്തമാകൂവെന്ന് അരൂര്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)