പാലക്കാട്: കുഴല്‍പ്പണം കടത്തുന്നവരാണെന്ന് സംശയിച്ച് മുണ്ടൂര്‍ ഐ.ടി.സി.ക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ദമ്പതിമാരുടെ പണവും സ്വര്‍ണവും ഫോണുകളും കവര്‍ന്നു. കോയമ്പത്തൂര്‍ സിങ്കാനല്ലൂര്‍ സിങ്കൈനഗര്‍ വെള്ളല്ലൂര്‍റോഡ് വിപഞ്ചികയില്‍ പി. ഹരി, ഭാര്യ ഡോ. പത്മജ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്.

കാറില്‍നിന്ന് രണ്ട് ഐ ഫോണുകളും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ട് സ്വര്‍ണമോതിരങ്ങളും 5,000രൂപയും രണ്ട് വാച്ചും ആയിരം രൂപയുടെ രണ്ട് സാരിയും കാറുമാണ് കവര്‍ന്നത്.

വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ ഐ.ടി.സി.ക്ക് സമീപമെത്തിയപ്പോള്‍ രണ്ട് വാഹനങ്ങളിലായിവന്ന ഏഴുപേര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്, ഇരുവരെയും കാറില്‍നിന്ന് വലിച്ചിറക്കി. പത്മജയെ പുറത്തിറക്കി ഹരിയെ കുറച്ചുപേര്‍ ചേര്‍ന്ന് മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടുപോയി.

രണ്ട് കാറുകളിലായി എത്തിയവരാണ് ദമ്പതിമാരെ പിന്തുടര്‍ന്ന് പിടികൂടിയത്. കവര്‍ച്ചക്കാരുടെ സംസാരത്തില്‍നിന്ന് കുഴല്‍പ്പണം കടത്തുന്നവരാണെന്ന് സംശയിച്ചാണ് പിന്തുടര്‍ന്നതെന്ന് കരുതുന്നതായി ദമ്പതിമാര്‍ പോലീസിന് മൊഴി നല്‍കി.

ഹരിയെ കയറ്റിയ കാര്‍ കടമ്പഴിപ്പുറംവഴി പോയി. തുടര്‍ന്ന് കുഴല്‍പ്പണക്കാരല്ലെന്ന് ബോധ്യപ്പെട്ടതോടെ വീട്ടാംപാറയില്‍ ഇറക്കിവിട്ടു. കാറില്‍ നിന്നിറങ്ങിയ ഹരി ഒരാളുടെ ബൈക്കില്‍ക്കയറി ഒറ്റപ്പാലത്തെത്തി വാടക കാര്‍ വിളിച്ച് കോങ്ങാട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

മുണ്ടൂരില്‍നിന്ന് ദമ്പതിമാരെ കവര്‍ച്ചചെയ്തുവെന്ന് വഴിയാത്രക്കാര്‍ ഫോണ്‍ചെയ്ത് പോലീസില്‍ അറിയിച്ചപ്പോള്‍ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും ഡോ. പത്മജ കോങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയെന്ന് എസ്.ഐ. എന്‍.പി. സത്യന്‍ പറഞ്ഞു.

28 വര്‍ഷത്തോളമായി കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയതാണ് ഇരുവരും. ഡോ. പത്മജ, പെരിന്തല്‍മണ്ണ സ്വകാര്യ മെഡിക്കല്‍കോളേജില്‍ പഠിപ്പിക്കാന്‍ കോയമ്പത്തൂരില്‍നിന്ന് ആഴ്ചയില്‍ മൂന്നുദിവസം പോകാറുണ്ട്. രാവിലെ പെരിന്തല്‍മണ്ണയ്ക്ക് പോകുന്നതിനിടെയായിരുന്നു കവര്‍ച്ച.

ഡോ. പത്മജയുടെ പരാതിയെത്തുടര്‍ന്ന് കോങ്ങാട് പോലീസ് കേസെടുത്തു. കവര്‍ന്ന മൊബൈല്‍ഫോണുകളില്‍ ഒന്ന് പൊറ്റശ്ശേരിക്കുസമീപം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരുഫോണ്‍ മുണ്ടൂരിലെ ഉള്‍പ്രദേശത്തുണ്ടെന്നാണ് ലോക്കേഷന്‍ പരിശോധിച്ച് അറിയാനായതെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല.

നഷ്ടപ്പെട്ട കാറിന് 13ലക്ഷം വിലവരും. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് കോങ്ങാട് സി.ഐ. കെ.സി. വിനു പറഞ്ഞു

Content Highlights: couples robbed by gang by misunderstand them as black money smugglers