കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഘത്തിൽപെട്ട ഏഴു പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് കപ്പിൾ സ്വാപ്പിങ് എന്ന തരത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇവർ ഇത്തരത്തിലുള്ള കൈമാറ്റം നടത്തിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്നത് വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ആയത് കൊണ്ട് തന്നെ കണ്ടു പിടിക്കാൻ പ്രയാസമുണ്ടെന്ന് പോലീസ് പറയുന്നു.

പ്രതികളിൽ ഒരാളുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട കേസായത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിലവിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി സമാന താൽപ്പര്യമുള്ള ആളുകളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി അതിൽ പങ്കാളികളെ കൈമാറ്റം ചെയ്യുന്നതാണ് കപ്പിൾ സ്വാപ്പിങിലൂടെ ചെയ്തിരുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഭർത്താവ് വളരെ നിർബന്ധ പൂർവ്വം ഇത്തരം വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കുയായിരുന്നു. ഒടുവിൽ സഹികെട്ടായിരുന്നു വീട്ടമ്മ പോലീസിൽ പരാതി നൽകുന്നത്. മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രത്യേക ഗ്രൂപ്പുകൾ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights : Couple swapping racket busted in Kottayam - update