കറുകച്ചാല്‍ (കോട്ടയം): പങ്കാളികളെ കൈമാറുന്നതിനുപുറമേ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗിക ബന്ധത്തിനായി കൈമാറി പണംവാങ്ങുന്നവരും ഉണ്ട്. പങ്കാളികളില്ലാതെ ഒറ്റയ്‌ക്കെത്തുന്നവര്‍ സ്റ്റഡുകളെന്നാണ് അറിയപ്പെടുക. ഇവരില്‍നിന്നും പണം വാങ്ങും. ഫോണുകളിലും ക്യാമറകളിലും പകര്‍ത്തുന്ന ഈ ദൃശ്യങ്ങള്‍, ലൈംഗിക സംഭാഷണങ്ങള്‍, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്ക് പങ്കുവെക്കുന്നവരുമുണ്ട്. പങ്കാളികളെ കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ പ്രായം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പങ്കുവെക്കും. താത്പര്യമുള്ളവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നേരില്‍ സന്ദേശങ്ങളയച്ച് ബന്ധം സ്ഥാപിക്കുന്നു. വീടുകളില്‍ വിരുന്നൊരുക്കുകയും ഒത്തുചേരുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.

യുവതിയെ പീഡിപ്പിച്ചത് ഒമ്പതുപേർ

വിവാഹ പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘം കെണിയിലാക്കിയ യുവതിയെ പീഡിപ്പിച്ചത് ഭര്‍ത്താവടക്കം ഒമ്പതുപേര്‍. ആറുപേര്‍ അറസ്റ്റിലായി. ഒരാള്‍ സൗദിയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവടക്കം അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച എറണാകുളത്തുനിന്ന് ഒരാള്‍കൂടി അറസ്റ്റിലായി. അറസ്റ്റിലായവരെ തെളിവെടുപ്പിന് ശേഷം ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോട്ടയം, ആലപ്പുഴ, എറണാകുളം സ്വദേശികളാണ് പിടിയിലായവര്‍. പ്രതികള്‍ യുവതിയെ പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചിട്ടുണ്ട്. വിവരങ്ങളറിഞ്ഞ സഹോദരന്‍ യുവതിയെകൂട്ടി പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

സാമൂഹികമാധ്യമ കൂട്ടായ്മകള്‍ വ്യാപകം

പിടിയിലായവരുടെ ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പങ്കാളികളെ ലൈംഗിക ബന്ധത്തിന് കൈമാറുന്നതിനായി പ്രവര്‍ത്തിക്കുന്ന 14 കൂട്ടായ്മകള്‍ പോലീസ് കണ്ടെത്തി. ചെറുപ്പക്കാര്‍മുതല്‍ പ്രായമായവര്‍വരെ ആയിരക്കണക്കിനുപേരാണ് കൂട്ടായ്മകളിലുള്ളത്. വേറെയും സംഘങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. മെസഞ്ചര്‍, വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ ഇത്തരം സംഘങ്ങളിലുണ്ട്. പല സെക്‌സ് റാക്കറ്റുകളും ഗ്രൂപ്പുകളില്‍ പങ്കാളികളാണ്. സൈബര്‍ സെല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.