കറുകച്ചാല്‍: പങ്കാളികളെ പരസ്പരം ലൈംഗിക ബന്ധത്തിന് കൈമാറുന്ന വന്‍സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ചങ്ങനാശ്ശേരിക്കാരിയായ യുവതി, കങ്ങഴ സ്വദേശിയായ ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണിവര്‍. മെസഞ്ചര്‍, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളില്‍ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. വിദേശത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപാകമായ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. തിങ്കളാഴ്ച തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ഗതികെട്ട് പരാതി

27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെ ഇതേപ്പറ്റി അറിയിക്കുകയുമായിരുന്നു.

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയുംചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച്് മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി.

ഇതിനിടയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി യുവതി ഒരു ബ്ലോഗര്‍ക്ക് ശബ്ദസന്ദേശം നല്‍കി. യുവതിയുടെ ശബ്ദംകേട്ട് സംശയംതോന്നിയ സഹോദരന്‍ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. പിന്നീട് സഹോദരന്‍ ഇടപെട്ട് ശനിയാഴ്ച കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകളടക്കം കണ്ടെത്തി.

പണം തട്ടുന്ന സംഭവവും

ദമ്പതിമാരാണ് ഇത്തരം നവമാധ്യമ കൂട്ടായ്മകളിലുള്ളത്. ഇവര്‍ പരസ്പരം ചിത്രങ്ങള്‍ അയയ്ക്കുകയും പരിചയപ്പെടുകയും ചെയ്യും. തുടര്‍ന്ന് നേരില്‍കണ്ട് പങ്കാളികളെ കൈമാറുകയാണ് രീതി. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണംതട്ടിയെടുക്കുന്നവരും സംഘത്തിലുണ്ട്. ദിവസവും ഓരോ പങ്കാളി തങ്ങള്‍ നാളെ ഒരുസ്ഥലത്തെത്തുമെന്നും താത്പര്യമുള്ളവര്‍ പങ്കാളികളുമായി എത്തണമെന്നും ഗ്രൂപ്പില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ. എ.ജി.ഷാജന്‍, പി.ഇ.ആന്റണി, കെ.വി.സഞ്ചോ, വിനീത് ആര്‍.നായര്‍, റെജി ജോണ്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights : Couple swapping case: Probe team reveals involvement of huge racket, VIPs