കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നത് വീടുകളില്‍ വിരുന്നിനെന്ന പേരിലെന്ന് പോലീസ്. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടുന്നവരാണ് വീടുകളില്‍ വിരുന്നിനെന്ന പേരില്‍ ഒത്തുകൂടിയിരുന്നത്. പിന്നീട് ഇവര്‍ പരസ്പരം പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 

കുടുംബ കൂട്ടായ്മകളെന്ന പേരില്‍ ഇവര്‍ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഒത്തുകൂടലുകള്‍ സംഘടിപ്പിച്ചിരുന്നു. കുട്ടികളെ ഉള്‍പ്പെടെ കൂടെക്കൂട്ടുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. കോട്ടയത്തെ പരാതിക്കാരിയെ ഇത്തരത്തില്‍ ഒമ്പത് പേര്‍ ഇതുവരെ പീഡിപ്പിച്ചതായാണ് വിവരം. ഇതില്‍ ആറുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ബാക്കി പ്രതികള്‍ ഒളിവിലാണ്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരികെയെത്തിച്ച് കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. 

കോട്ടയത്തെ കേസില്‍ പ്രതികള്‍ക്കെതിരേ കൂട്ടബലാത്സംഗ കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്നാണ് വിവരം. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇതിനായി ഭര്‍ത്താവ് ആത്മഹത്യ ഭീഷണി മുഴക്കിയതായും യുവതി വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് ഭര്‍ത്താവ് പണം വാങ്ങിയതായും യുവതി ആരോപിച്ചിട്ടുണ്ട്. 

അതിനിടെ, പങ്കാളികളെ കൈമാറുന്ന സംഘത്തില്‍ സമൂഹത്തിലെ ഉന്നതരടക്കം പലരും ഉള്‍പ്പെട്ടതായാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന. കുക്ക് ഓള്‍ഡ് കേരള, കുക്ക് ഓള്‍ഡ് കമ്പനി, മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് അപ്പ് കേരള തുടങ്ങിയ പേരുകളിലാണ് ഇത്തരം സംഘങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചിരുന്നത്. അയ്യായിരത്തിലേറെ പേര്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതില്‍ പല ഗ്രൂപ്പുകളും ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. 

വൈഫ് സ്വാപ്പിങ് അഥവാ ഭാര്യമാരെ കൈമാറല്‍...

ഭാര്യമാരെ പരസ്പരം കൈമാറുന്ന 'വൈഫ് സ്വാപ്പിങ്' നേരത്തെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലടക്കം കണ്ടുവരുന്ന ഇത്തരം രീതികള്‍ കേരളത്തിലും നടക്കുന്നുണ്ടെന്ന കാര്യം അന്ന് ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. 2013-ല്‍ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനെതിരേ അദ്ദേഹത്തിന്റെ ഭാര്യയാണ് പങ്കാളികളെ കൈമാറുന്ന 'വൈഫ് സ്വാപ്പിങ്'  നാവികസേന ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. അതിഗുരുതരമായ ആരോപണങ്ങളാണ് യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഭര്‍ത്താവിന്റെ സമ്മതത്തോടെ തന്നെ മറ്റു ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്തതായും തന്റെ ഭര്‍ത്താവ് മറ്റൊരു കമാന്‍ഡന്റിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് താന്‍ സാക്ഷിയായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. 

കായംകുളത്തും സമാനകേസ്, 2019-ല്‍

നേരത്തെ കായംകുളത്തും സമാനകേസില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. 

കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറല്‍) താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്. 

കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ വരുമ്പോള്‍ മാത്രമേ പോലീസിന് അന്വേഷണം നടത്താനാകൂ. ഇതില്‍ ഉള്‍പ്പെട്ട പലരും പരസ്പര സമ്മതത്തോടെയാണ് ഇതിന് തയ്യാറാകുന്നതെന്നും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. 

കീ ചെയിന്‍ തിരഞ്ഞെടുക്കും, ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍...

രഹസ്യമായി ഇന്ത്യയിലെ പലയിടങ്ങളിലും പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെട്രോ നഗരങ്ങളില്‍ ഇതിനുവേണ്ടി മാത്രം ചില ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു. ക്ലബ്ബുകളില്‍ പാര്‍ട്ടിക്ക് വരുന്നവര്‍ കാറിന്റെ കീ ചെയിനുകള്‍ കൂട്ടിയിട്ട് അതിലൊരു കീ ചെയിന്‍ തിരഞ്ഞെടുക്കുന്നതായിരുന്നു രീതി. 

ഭാര്യയോടൊപ്പം പാര്‍ട്ടിക്ക് വരുന്നവര്‍ കാറിന്റെ കീ ചെയിന്‍ ഒരിടത്ത് വെയ്ക്കും. അങ്ങനെ എല്ലാവരുടെയും കീ ചെയിനുകള്‍ കൂട്ടിയിട്ട സ്ഥലത്തുനിന്ന് ഓരോരുത്തരും ഒരോ കീ ചെയിന്‍ തിരഞ്ഞെടുക്കും. ഏത് കീ ചെയിനാണോ ഒരാള്‍ക്ക് ലഭിക്കുന്നത് അതിന്റെ ഉടമയുടെ ഭാര്യ കീ ചെയിന്‍ എടുത്തയാള്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നതായിരുന്നു ക്ലബുകളിലെ നിയമം. കാലം മാറിയതോടെ ഇത്തരം കൂടിക്കാഴ്ചകള്‍ സാമൂഹികമാധ്യമങ്ങളിലേക്ക് മാറി. പങ്കാളികളെ കൈമാറാന്‍ താത്പര്യമുള്ളവര്‍ ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചായി ഇടപാടുകള്‍. 

സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഗ്രൂപ്പുകളും പേജുകളും...

പങ്കാളികളെ കൈമാറി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരുടെ നിരവധി പേജുകളും ഗ്രൂപ്പുകളുമാണ് സാമൂഹികമാധ്യമങ്ങളിലുള്ളത്. ഈ ഗ്രൂപ്പുകള്‍ക്കെല്ലാം അഡ്മിന്‍മാരുണ്ടെങ്കിലും ഇതിലെ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം ഒത്തുച്ചേരലുകള്‍ക്ക് പിന്നില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. 

ഫെയ്സ്ബുക്ക്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പലപേരുകളില്‍ ഇത്തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുക്ക് ഓള്‍ഡ് കേരള, കുക്ക് ഓള്‍ഡ് കമ്പനി, കുക്ക് ഓള്‍ഡ് ഹബ്ബ്, മല്ലു കുക്ക് ഓള്‍ഡ്,കപ്പിള്‍ ഷെയറിങ്, കപ്പിള്‍ മീറ്റിങ് തുടങ്ങിയവയാണ് ഇതിന്റെ പേരുകള്‍. ഗ്രൂപ്പുകളില്‍ ചേരുന്നവര്‍ ആദ്യം ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സ്വയം പരിചയപ്പെടുത്തും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുള്ളവരുമായി ആശയവിനിമയം നടത്തി സ്ഥലവും തീയതിയുമെല്ലാം ഉറപ്പിക്കും. പലരും വ്യാജ ഐ.ഡി.കള്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പുകളില്‍ ചേരുന്നത്. അതിനാല്‍തന്നെ പരിചയപ്പെടുന്നവര്‍ക്ക് തമ്മില്‍ യഥാര്‍ഥ പേരോ മറ്റുവിവരങ്ങളോ അറിഞ്ഞിരിക്കണമെന്നില്ല. അശ്ലീലവും അസഭ്യവും നിറഞ്ഞ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇത്തരം ഗ്രൂപ്പുകളില്‍ അധികവും പങ്കുവെച്ചിരുന്നത്. ഭാര്യമാരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അശ്ലീലരീതിയില്‍ വിവരിക്കുന്നതും പല ഗ്രൂപ്പുകളിലും നടക്കുന്നു. 

ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളില്‍ സജീവമാണെന്നാണ് സൂചന. ഇവര്‍ക്ക് വേണ്ടിയുള്ള സീക്രട്ട് ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളിലുണ്ട്. പങ്കാളികളില്ലാത്ത നിരവധിപേരും ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മറ്റുള്ളവരുടെ പങ്കാളികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ പണം നല്‍കണം. സ്റ്റഡ് എന്ന പേരിലാണ് മീറ്റിങ്ങിന് തനിച്ചെത്തുന്ന ഇവരെ വിളിക്കുന്ന പേര്. കോട്ടയത്തെ കേസില്‍ യുവതിയെ പീഡിപ്പിച്ച ഒമ്പത് പേരില്‍ നാലുപേര്‍ ഇങ്ങനെ തനിച്ചെത്തിയവരായിരുന്നു. ഇവര്‍ 14,000 രൂപ നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Content Highlights: Couple Swap wife swap case in Kottayam; couple meeting cuckold groups active in social media