ലഖ്നൗ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതിമാർ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു. ഉത്തർപ്രദേശിലെ കന്നൗജ് സ്വദേശികളായ ദമ്പതിമാരാണ് കാർ സ്വന്തമാക്കാനായി കുഞ്ഞിനെ വിറ്റത്.

കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും നൽകിയ പരാതിയിലാണ് സംഭവം പുറംലോകമറിഞ്ഞത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ മകൾ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ അടുത്തിടെ കാർ വാങ്ങാനായി മകളും മരുമകനും ഒന്നരലക്ഷം രൂപയ്ക്ക് ഒരു വ്യവസായിക്ക് കുഞ്ഞിനെ വിറ്റെന്നായിരുന്നു ഇവരുടെ പരാതി.

തുടർന്ന് പോലീസ് ദമ്പതിമാരെ കഴിഞ്ഞദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം പുറത്തറിഞ്ഞത്. ദമ്പതിമാർ അടുത്തിടെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതായും കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ കൈയിലാണെന്നും പോലീസ് പറഞ്ഞു.

Content Highlights:couple sold baby for buying second hand car