മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രദേശത്തുനിന്ന് മൂവാറ്റുപുഴയില്‍ മാലിന്യം തള്ളാനെത്തിയ ദമ്പതിമാരെ വാഹനമടക്കം പിടികൂടി. ചൊവ്വാഴ്ച രാവിലെ എം.സി. റോഡില്‍ ലിസ്യൂ സെന്ററിന് താഴെയാണ് വാഹനത്തില്‍ മാലിന്യവുമായി ദമ്പതിമാരെത്തിയത്. ഇവ റോഡരികില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

കേസെടുത്തതിന് ശേഷം വാഹനം പിന്നീട് വിട്ടുകൊടുത്തു. കാലികള്‍ക്ക് നല്‍കുന്നതിന് പേഴയ്ക്കാപ്പിള്ളിയിലെ വിവിധ ഹോട്ടലുകളില്‍നിന്ന് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന ഇവര്‍ ആവശ്യമായവ എടുത്തശേഷം ബാക്കിയുള്ള മാലിന്യങ്ങള്‍ നഗരത്തിലെത്തിച്ച് റോഡരികില്‍ തള്ളുകയായിരുന്നു പതിവ്. പായിപ്ര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന മാലിന്യം ലിസ്യൂ സെന്റര്‍ ഭാഗത്താണ് തള്ളുന്നത്.

രാവിലെ ശുചീകരണത്തൊഴിലാളികള്‍ നീക്കംചെയ്താലും പിന്നീടും ഇവിടെ മാലിന്യം കുന്നുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. പൊതുനിരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നഗരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ്, ആരോഗ്യ ഉപസമിതി ചെയര്‍മാന്‍ പി.എം. സലാം എന്നിവര്‍ വ്യക്തമാക്കി. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്.

സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ ഇവരുടെ നിരീക്ഷണത്തിലായിരിക്കും. പായിപ്ര, ആയവന, വാളകം, ആവോലി, മാറാടി ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നാണ് മൂവാറ്റുപുഴ നഗരാതിര്‍ത്തികളില്‍ കൂടുതലായും മാലിന്യമെത്തുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിന്‍സന്റ്, എ. അഷറഫ്, സുബൈര്‍, ജെ.എച്ച്.ഐ.മാരായ ബിന്ദു രാമചന്ദ്രന്‍, എന്‍. ഷീന, സി.എസ്. ശ്രീജി, ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും ജീവനക്കാരും അടങ്ങുന്ന സംഘം പട്ടണത്തിന്റെ വിവിധ മേഖലകളില്‍ നിരീക്ഷണം ശക്തമാക്കും.