ചെന്നൈ: ആഡംബര കാറിലെത്തി ആടുകളെ മോഷ്ടിച്ച ദമ്പതിമാരെ തേടി പോലീസ്. ചെന്നൈ കൊരട്ടൂരിൽനിന്ന് രണ്ട് ആടുകളുമായി കാറിൽ കടന്നുകളഞ്ഞവരെ കണ്ടെത്താനായാണ് തമിഴ്നാട് കൊരട്ടൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി ഇവരെ ഉടൻതന്നെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞദിവസം അർധരാത്രിയിലാണ് ആഡംബര കാറിലെത്തിയവർ ആടുകളെ മോഷ്ടിച്ച് കടന്നുകളഞ്ഞത്. അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ഇന്ദിര(56)യുടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന രണ്ട് ആടുകളാണ് മോഷണംപോയത്. അർധരാത്രി ആടുകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ ഇന്ദിര കണ്ടത് ഒരു പുരുഷനും സ്ത്രീയും ചേർന്ന് ആടുകളെ കാറിനുള്ളിലേക്ക് കയറ്റുന്നതായിരുന്നു. ഉടൻ തന്നെ ഇരുവരും കാറിൽ കടന്നുകളയുകയും ചെയ്തു. തുടർന്ന് ഇന്ദിര പോലീസിൽ പരാതി നൽകുകയായിരുന്നു. കാറിൽ രണ്ടുപേർക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നതായി ഇന്ദിരയുടെ പരാതിയിലുണ്ട്.

പരാതി ലഭിച്ചതോടെ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മോഷ്ടാക്കൾ കാറിൽ വരുന്നതിന്റെയും ആടുകളെ മോഷ്ടിച്ച് കടന്നുകളയുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇവർ ദമ്പതിമാരാണെന്നാണ് സംശയം. കാറിന്റെ രജിസ്ട്രേഷൻ നമ്പർ സ്ഥിരീകരിച്ച് ഇവരെ കണ്ടെത്താനാണ് നിലവിൽ പോലീസിന്റെ ശ്രമം. ഇവർ നേരത്തെ മോഷണക്കേസുകളിൽ ഉൾപ്പെട്ടവരാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights:couple in luxury car steal goats from korattur tamilnadu